25 April Thursday

പ്രവീൺറാണ വീണ്ടും റിമാൻഡിൽ; 
ജാമ്യാപേക്ഷ 30ന് പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023
തൃശൂർ 
സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രവീൺ റാണയെ കോടതി വീണ്ടും റിമാൻഡ് ചെയ്തു. 10 ദിവസത്തെ പൊലീസ് കസ്റ്റഡി പൂർത്തിയാക്കി ശനിയാഴ്ച വൈകിട്ട്‌ നാലോടെയാണ് പ്രവീൺ റാണയെ  ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്. റാണയുടെ ജാമ്യാപേക്ഷ തിങ്കളാഴ്‌ച കോടതി പരിഗണിക്കും. 
റാണയെ പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തശേഷം  വിവിധ ഇടങ്ങളിലെത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തിയിരുന്നു. ഏറെ നേരം ചോദ്യം ചെയ്യുകയും ചെയ്‌തു. സേഫ്‌ ആൻഡ്‌ സ്‌ട്രോങ്‌ നിധി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട്‌ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്‌. ജാമ്യം അനുവദിച്ചാൽ കേസിന്റെ അന്വേഷണത്തെ ബാധിക്കാനിടയുണ്ടെന്നും  അതുകൊണ്ട്‌  ജാമ്യമനുവദിക്കരുതെന്നും  ആവശ്യപ്പെട്ട് നിലവിലെ കണ്ടെത്തൽ സംബന്ധിച്ച അന്വേഷണ  റിപ്പോർട്ട് പൊലീസ്‌ കോടതിക്ക്‌ കൈമാറി.
കഴിഞ്ഞ 11നാണ് കോയമ്പത്തൂരിൽ ഒളിവിൽ കഴിയുന്നതിനിടെ പ്രവീൺ റാണ അറസ്റ്റിലായത്. വിവിധ സ്റ്റേഷനുകളിലായി എഴുപതോളം കേസുകൾ പ്രവീൺ റാണക്കെതിരെ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. 138 കോടിയോളം അക്കൗണ്ടുകളിലൂടെ നിക്ഷേപമായി ഇയാൾക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഇത് ചെലവഴിച്ചത് സംബന്ധിച്ച വ്യക്തമായ രേഖകൾ പൊലീസിന് ഇനിയും പൂർണമായും ലഭിച്ചിട്ടില്ല.
റാണയുടെ വീട്ടിൽനിന്നും കോർപറേറ്റ് ഓഫീസിൽനിന്നും കടത്തി പുതുക്കാട് പാലാഴിയിൽ വാടക വീട്ടിൽ ഒളിപ്പിച്ചിരുന്ന രേഖകളും ഹാർഡ് വെയറുകളും മറ്റും കണ്ടെടുത്തിരുന്നു. 
100 കോടിക്ക് മുകളിലുള്ള തട്ടിപ്പെന്ന ആക്ഷേപമുള്ളതിനാൽ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാനിടയുണ്ട്‌. അങ്ങനെയെങ്കിൽ തുടർ നടപടി സംസ്ഥാന ക്രൈംബ്രാഞ്ചായിരിക്കും സ്വീകരിക്കുക.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top