26 April Friday

രാജ്യത്തിന്‌ ബദലൊരുക്കാൻ 
കേരളത്തിന്റെ പങ്ക്‌ 
പരമപ്രധാനം: ബേബിജോൺ

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021
സ്വന്തം ലേഖകൻ
കൊടകര
സംഘപരിവാർ നേതൃത്വത്തിലുള്ള മോഡിഭരണത്തിന്‌ കൃത്യതയോടെയുള്ള ബദലൊരുക്കാൻ കേരളത്തിന്‌ കഴിയുമെന്ന്‌ കഴിഞ്ഞ അഞ്ചരയാണ്ടിലെ ഇടതുപക്ഷ മുന്നേറ്റത്തിൽനിന്നും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽനിന്നും ഏവർക്കും ബോധ്യമായെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ. സിപിഐ എം  കൊടകര ഏരിയ സമ്മേളനം എ കെ കുട്ടൻ നഗറിൽ (നെല്ലായി കൊളത്തൂർ കാവല്ലൂർ ഓഡിറ്റോറിയം) ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബേബിജോൺ. 
സംഘപരിവാറിനെ കേന്ദ്രത്തിൽ അധികാരത്തിലെത്തിക്കാൻ ആവശ്യമായ എല്ലാ സാഹചര്യവും ഒരുക്കിയത്‌ കഴിഞ്ഞ അറുപതുവർഷത്തെ കോൺഗ്രസ്‌ ഭരണവും അവരുടെ ഹൈന്ദവപ്രീണന നയസമീപനങ്ങളുമാണ്‌. ഇതിന്റെയെല്ലാം ഫലമായാണ്‌ ബിജെപി അധികാരത്തിലേറിയത്‌. കർഷകരുടെ നിശ്‌ചയദാർഢ്യത്തോടെയുള്ള പോരാട്ടത്തിനുമുന്നിൽ പ്രധാനമന്ത്രിക്ക്‌ കീഴടങ്ങേണ്ടിവന്നിരിക്കയാണ്‌. മോഡിയുടെയും അമിത്‌ഷായുടെയും നേതൃത്വത്തിലുള്ള എല്ലാ മർദകസംവിധാനത്തെയും നേരിട്ടാണ്‌ കർഷകർ സമരവിജയം നേടിയത്‌. 
കുത്തകകളെ വളർത്തുന്ന കേന്ദ്രഭരണത്തിന്‌ ബദൽ ഒരുക്കാനാകുമെന്ന്‌  വ്യക്തമായിരിക്കയാണ്‌.  ഈ ബദലിന്‌ നേതൃത്വം നൽകാൻ ശിഥിലമായിക്കൊണ്ടിരിക്കുന്ന കോൺഗ്രസിനാകില്ല. ജനാധിപത്യ മതനിരപേക്ഷ കക്ഷികളെ അണിനിരത്തി ഇടതുപക്ഷ നേതൃത്വത്തിന്‌ മാത്രമേ രാജ്യത്തെ മുന്നോട്ടു നയിക്കാനാകൂ. അതിൽ കേരളത്തിന്റെ പങ്ക്‌ പരമപ്രധാനമാണ്‌.
പ്രളയവും മാരകമാരിയും കലിതുള്ളിയെത്തിയപ്പോഴും, വികസനത്തിനൊപ്പം,  സാധാരണക്കാരന്‌ ചികിത്സയും ജീവിതസൗകര്യവും ഒരുക്കി നൽകിയതിനാലാണ്‌ എൽഡിഎഫ്‌ സർക്കാരിനെ ജനം വീണ്ടും തെരഞ്ഞെടുത്തത്‌. ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യത്തിൽ, കേരളത്തിൽ മൂന്നാമതും എൽഡിഎഫ്‌ സർക്കാർ ഉണ്ടാകുന്നതിന്‌ ആവശ്യമായ പ്രവർത്തനം തുടരണമെന്നും ബേബിജോൺ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top