തൃശൂർ
കള്ളക്കേസെടുത്ത് സിപിഐ എമ്മിനെ ഇഡി വേട്ടയാടുകയാണെന്നും ഇത് ആർഎസ്‌എസ് അജൻഡയാണെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്. ഇഡി പറയുന്നതൊക്കെ കള്ളമാണ്. ഇഡിക്കും ആർഎസ്‌എസിനുമൊപ്പം കോൺഗ്രസ് നിൽക്കുകയാണ്. സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനുള്ള ആർഎസ്‌എസിന്റെയും കേന്ദ്ര സർക്കാരിന്റെയും ഗൂഢാലോചനയാണ് ഈ വേട്ടയാടൽ. ഈ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുത്തു തോൽപ്പിക്കും. ഇഡി നടപടിക്കെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിനെതിരെ കേരള സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. സഹകരണ വകുപ്പ് കരുവന്നൂർ ഭരണസമിതി പിരിച്ചുവിട്ടു. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ ഇഡിയെ ഉപയോഗിച്ച് എ സി മൊയ്തീൻ അടക്കമുള്ള നേതാക്കളിലേക്ക് കേസ് എത്തിക്കാനാണ് നീക്കം. പി ആർ അരവിന്ദാക്ഷന്റെ പേരിലുള്ള സ്ഥിരനിക്ഷേപത്തെക്കുറിച്ചോ സാമ്പത്തിക നിലയെക്കുറിച്ചോ അറിയില്ല. തെറ്റായ പ്രവണതയുണ്ടായിട്ടുള്ളതായി ബോധ്യപ്പെട്ടാൽ ആരായാലും പാർടി നടപടിയെടുക്കാറുണ്ട്. ഇഡി അന്വേഷിക്കുന്നതുപോലെ അന്വേഷിക്കാൻ പാർടിക്കാവില്ല. പാർടി പാർടിക്കകത്താണ് പരിശോധിക്കുക. അറസ്റ്റിലായ സതീഷ് കുമാറിനെ തനിക്ക് അറിയില്ലെന്നും എം എം വർഗീസ് വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..