തൃശൂർ
ടി എൻ പ്രതാപനും ഡിസിസി പ്രസിഡന്റും സഹകരണ കൊള്ളക്കെതിരെ ജാഥ നടത്തുമ്പോൾ നാട്ടിക മണപ്പുറത്തുകാർ ചിരിക്കുകയാണ്. "എന്ത് പ്രഹസനമാണ് പ്രതാപാ' എന്നാണ് ഇവരുടെ ചോദ്യം. ടി എൻ പ്രതാപന്റെ സഹോദരൻ തളിക്കുളം തോട്ടുങ്കൽ ദിനേശൻ ഒന്നാം പ്രതിയായ വിവാദമായ ഒരു സഹകരണ ബാങ്ക് കവർച്ചയാണ് അവരുടെ ഓർമകളിൽ.
തൃശൂർ ജില്ലാ സഹകരണ ബാങ്കിന്റെ വാടാനപ്പള്ളി ശാഖയിൽ നിന്നും 13 ലക്ഷം രൂപയുടെ സ്വർണവും പണവും കവർച്ച നടത്തിയ കേസ് ഇന്നും അവരുടെ ഓർമകളിൽ നിൽക്കുമ്പോഴാണ് കോൺഗ്രസിന്റെ ഈ പ്രഹസന ജാഥ.1988 ജൂലൈയിലായിരുന്നു സംഭവം. ബാങ്കിലെ പ്യൂണായിരുന്ന ദിനേശനായിരുന്നു ബാങ്ക് ലോക്കറിൽ നിന്ന് സ്വർണവും പണവും തട്ടാൻ നേതൃത്വം നൽകിയത്. സംഭവത്തിലെ മറ്റൊരു പ്രതിയായ മോഹൻദാസിന്റെ വീട്ടുവളപ്പിൽ നിന്ന് തൊണ്ടി മുതൽ പൊലീസ് കണ്ടെടുക്കുകയും ചെയ്‌തു.
ബാങ്കിലെ സേഫ് അടയ്ക്കാതെ അടച്ചു എന്ന് പറഞ്ഞ് താക്കോൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥനെ ഏൽപ്പിച്ചു. രാത്രിയിൽ കൂട്ടുകാരുമായെത്തി സ്വർണവും പണവും കവരുകയായിരുന്നു. ഒന്നാം പ്രതി ദിനേശനെ കോടതി മൂന്നു വർഷം തടവിന് ശിക്ഷിക്കുകയും ചെയ്‌തു.
എന്നാൽ കഥ അവിടെയും തീർന്നില്ല, തളിക്കുളത്തെ സഹകരണ ബാങ്കിലെ മുക്കു പണ്ടം തട്ടിപ്പായിരുന്നു അടുത്തത്. കോൺഗ്രസ് നേതാവ് എം കമലം സഹകരണ മന്ത്രിയായിരിക്കെ രണ്ടു പേരെ സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി ഗോൾഡ് അപ്രെെസർമാരായി
നിയമിച്ചു. ഇരുവരും കോൺഗ്രസ് പ്രാദേശിക നേതാക്കളായിരുന്നു. ഇതിൽ ഒന്നാമൻ മുക്കുപണ്ട തട്ടിപ്പ് നടത്താനും രണ്ടാമൻ വിഷയം ഒതുക്കി തീർക്കാനും മുന്നിൽ നിന്നു. സഹകരണ സംരക്ഷണത്തിന്റെ മറവിൽ സ്വന്തം ആളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാതെ കോൺഗ്രസ് രക്ഷപ്പെടുത്തി. കോൺഗ്രസിന്റെ മറവിൽ ജില്ലയിൽ നടന്ന തട്ടിപ്പുകളിൽ ചിലതു മാത്രമാണിത്. ഈ പ്രമാദമായ ബാങ്ക് തട്ടിപ്പുകഥകൾ മറന്നിട്ടില്ലെന്ന് ടി എൻ പ്രതാപൻ എംപിയെയും അണികളെയും മണപ്പുറത്തുകാർ ഓർമിപ്പിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..