18 December Thursday
ബിജെപി പദയാത്ര

ഉദ്‌ഘാടകൻ കുഴൽപ്പണ സൂത്രധാരൻ; നയിക്കുന്നത്‌ നികുതിവെട്ടിപ്പ്‌ പ്രതി

സി എ പ്രേമചന്ദ്രൻUpdated: Thursday Sep 28, 2023
തൃശൂർ
 സഹകരണ ബാങ്ക്‌ ക്രമക്കേടിന്റെ പേരിലുള്ള  ബിജെപി  പദയാത്ര നയിക്കുന്നത്‌   നികുതി വെട്ടിപ്പ്‌ കേസിലെ പ്രതി. ജാഥയുടെ  ഉദ്‌ഘാടകൻ കുഴൽപ്പണക്കേസിലെ സൂത്രധാരൻ.  ബിജെപി ജാഥ നയിക്കുന്ന സുരേഷ്‌ ഗോപി  പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിൽ  ആഡംബര കാറുകൾ  രജിസ്‌റ്റർ ചെയ്‌ത്‌ ലക്ഷങ്ങൾ നികുതി വെട്ടിച്ച കേസിൽ  പ്രതിയായിരുന്നു.  നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി  ഇറക്കിയ  കുഴൽപ്പണ ഇടപാടിൽ മുഖ്യസൂത്രധാരൻ കെ സുരേന്ദ്രനാണ്‌. കള്ളപ്പണ്ണത്തിന്റെ പേരിൽ  ജാഥ നടത്തി സിപിഐ എമ്മിനെ വേട്ടയാടാൻ ഇരുവരും രംഗത്തിറങ്ങുമ്പോൾ കള്ളനാണയങ്ങളുടെ യഥാർഥമുഖം ജനങ്ങൾ മറന്നിട്ടില്ല.    
 നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത  സുരേഷ്‌ ഗോപി വ്യാജ താമസരേഖകൾ  നിര്‍മിച്ചു.   ഈ  രേഖകള്‍ വ്യാജമാണെന്ന്‌ അന്വേഷണത്തിൽ കണ്ടെത്തി. സുരേഷ് ഗോപി താമസിച്ചുവെന്ന് പറയുന്ന  അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമകള്‍ ഇതുവരെ അദ്ദേഹത്തെ നേരില്‍ക്കണ്ടിട്ടില്ലെന്ന് മൊഴി നല്‍കി. രേഖകള്‍ സാക്ഷ്യപ്പെടുത്തിയ നോട്ടറി അഭിഭാഷകന്‍ തന്റെ വ്യാജ ഒപ്പും സീലുമാണ് ഉപയോഗിച്ചതെന്നും മൊഴി നല്‍കി.  രണ്ട് ആംഡബര കാർ രജിസ്റ്റർ ചെയ്തതിലൂടെ സുരേഷ്‌ ഗോപി  19,60,000 രൂപ നികുതി വെട്ടിച്ചതായാണ്‌   ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിൽ കണ്ടെത്തിയത്‌. സുരേഷ് ഗോപിക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, മോട്ടോർ വാഹന നിയമലംഘനം തുടങ്ങി   തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ   2020 ജനുവരിയിൽ കുറ്റപത്രം നൽകിയിരുന്നു.
 നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ അറിവോടെ സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശന്റെ നേതൃത്വത്തിൽ ഒമ്പതുജില്ലകളിൽ കുഴൽ പ്പണവിതരണം നടത്തിയെന്നാണ്‌ പൊലീസ്‌ അന്വേഷണ റിപ്പോർട്ട്‌.   കേരളത്തിൽ ബിജെപി ഇറക്കിയ മൂന്നരക്കോടി കുഴൽപ്പണം കൊടകരയിൽ കവർന്ന കേസിന്റെ അന്വേഷണത്തിലാണ്‌ 53.4  കോടിയുടെ ഹവാല ഇടപാട്‌ പൊലീസ്‌ കണ്ടെത്തിയത്‌. ഈ റിപ്പോർട്ട്‌  ഇരിങ്ങാലക്കുട ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽ   പൊലീസ്‌ സമർപ്പിച്ചിട്ടുണ്ട്‌.    തൃശൂർ ബിജെപി കാര്യാലയത്തിലാണ്‌ പണമിടപാടുകൾ നടന്നത്‌. ഹവാല സംഘത്തിന്‌ താമസസൗകര്യം ഒരുക്കിയതും തൃശൂരാണ്‌.  സുരേഷ്‌ ഗോപി മത്സരിച്ച തൃശൂരിലും കുഴൽപ്പണം ഇറക്കിയതായി റിപ്പോർട്ടിലുണ്ട്‌. 
കെ സുരേന്ദ്രൻ ഉൾപ്പെടെ  16 ബിജെപി നേതാക്കളെ പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു. ഫോൺരേഖകളും പരിശോധിച്ചതോടെ പണമിടപാടുകളുടെ വിവരങ്ങൾ  ലഭിച്ചു. കുഴൽപ്പണ ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലും അന്വേഷിക്കാൻ അധികാരം  ഇഡിക്കായതിനാൽ   പൊലീസ്‌  വിശദ  റിപ്പോർട്ട്‌ കൈമാറി.   എന്നാൽ ഇതുവരെ കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുത്തില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top