19 December Friday
ആറാട്ടുപുഴ സർവീസ് സഹകരണ ബാങ്ക്‌

ബിജെപി ഭരണത്തിൽ അടിമുടി കൊള്ള

സ്വന്തം ലേഖകൻUpdated: Thursday Sep 28, 2023
തൃശൂർ
ബിജെപി  നേതൃത്വത്തിലുള്ള ആറാട്ടുപുഴ സർവീസ് സഹകരണ ബാങ്കിൽ വൻ ക്രമക്കേടും തിരിമറിയും കണ്ടെത്തി. സഹകരണ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ്‌ വായ്‌പയിലും പണ്ടം പണയത്തിലും ഉൾപ്പെടെ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയത്‌. ഈ ബാങ്കിന്റെ പ്രവർത്തനംതന്നെ  നിയമം ലംഘിച്ചാണ്‌ തുടരുന്നത്‌. 
സഹകരണ നിയമാവലി പ്രകാരം ബാങ്കിന്റെ പ്രവർത്തന പരിധി ആറാട്ടുപുഴ വില്ലേജിൽ മാത്രമാണ്‌. എന്നാൽ, ഈ പരിധി  ലംഘിച്ച്‌ ഊരകം, വല്ലച്ചിറ, ചേർപ്പ്, നെണ്മണിക്കര, കാറളം, നടത്തറ, പറപ്പൂക്കര എന്നീ വില്ലേജുകളിലുള്ളവർക്ക് വ്യാപകമായി അംഗത്വം
നൽകി. ഇതുപ്രകാരം നൂറുകണക്കിന്‌പേർക്ക്‌ വായ്പ അനുവദിക്കുന്നതായും കണ്ടെത്തി. അഡ്മിഷൻ രജിസ്റ്റർ, ആറ്‌ ബി രജിസ്റ്റർ എന്നിവ പരിശോധിച്ചപ്പോഴാണ്‌ സഹകരണ ഉദ്യോഗസ്ഥർക്ക്‌ കാര്യങ്ങൾ വ്യക്തമായത്‌. 
പരിധി ലംഘിച്ചുള്ള വായ്‌പകളിൽ അധികവും ലീഗൽ റിപ്പോർട്ടിലെ ന്യൂനതകൾ പരിഹരിക്കാതെയാണ്‌ നൽകിയത്‌.  വായ്‌പകളിൽ മിക്കവാറും എണ്ണത്തിനും തിരിച്ചടവ് ശേഷിപോലും കണക്കിലെടുത്തിട്ടില്ല. മാത്രമല്ല, തോന്നിയപോലെയാണ്‌ പലർക്കും വായ്‌പകൾ നൽകിയിരിക്കുന്നത്‌. സെക്രട്ടറി ശുപാർശ ചെയ്‌തതിനേക്കാൾ അധികം തുക പല വായ്‌പകൾക്കും നൽകിയതായും കണ്ടെത്തിയിട്ടുണ്ട്‌. ഇത്തരത്തിൽ അനധികൃതമായി നൽകിയ വായ്‌പകളിൽ അധികവും തിരിച്ചടയ്‌ക്കുന്നുപോലും ഇല്ല. 
അന്യായമായി വായ്‌പ നൽകിയശേഷം, തിരിച്ചടയ്‌ക്കാത്ത വായ്‌പക്കാർക്ക്‌  കുടിശ്ശിക നിവാരണം പദ്ധതി നിലവിൽ ഇല്ലാത്ത സമയത്ത് അനധികൃതമായി വൻ തുക വായ്പാ ഇളവ് അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതിന്റെയെല്ലാം ഭാഗമായി ബാങ്കിന്‌ ലക്ഷക്കണക്കിന്‌ രൂപ നഷ്ടം സംഭവിച്ചു.  
സ്വർണപ്പണയ ഇടപാടിലും വൻ തട്ടിപ്പ്‌ കണ്ടെത്തി. വ്യാജ സ്വർണം പണയംവച്ച് പണം തട്ടിയെടുത്തതായും ഉദ്യോഗസ്ഥർക്ക്‌ ബോധ്യമായി. ഇതിലൂടെ വൻ തുക സംഘത്തിന് ബാധ്യത വന്നിട്ടുമുണ്ട്‌. ക്രമക്കേടുകൾ വ്യാപകമായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്‌ വരും ദിവസങ്ങളിൽ ആറാട്ടുപുഴ ബാങ്കിൽ അന്വേഷണം നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top