18 December Thursday
പിടികൂടിയത്‌ അതിസാഹസികമായി

മോഷ്ടിച്ച ബൈക്കിൽ കറങ്ങി 
മാല കവരുന്ന 3 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023
തൃശൂർ
മോഷ്ടിച്ച ബൈക്കിൽ കറങ്ങി സ്‌ത്രീകളുടെ മാല കവരുന്ന കുപ്രസിദ്ധ മോഷ്ടാക്കൾ അറസ്‌റ്റിൽ. വിയ്യൂർ കല്ലമ്പാറ സ്വദേശി വരടാട്ടിൽ അനുരാഗ് (23), കൊല്ലം കരിക്കോട് ചാത്തനാകുളം ചിറയിൽ പുത്തൻവീട്ടിൽ മുഹമ്മദ് സാജുദ്ദീൻ (30) എന്നിവരെയാണ്‌ വിയ്യൂർ പൊലീസ് എസ്‌എച്ച്‌ഒ കെ സി ബൈജുവും സംഘവും മലപ്പുറം ചേളാരിയിൽനിന്ന് പിടികൂടിയത്. 
ഇവരുടെ സഹായി വിജിത്‌ലാലും പിടിയിലായിട്ടുണ്ട്‌. 
  കഴിഞ്ഞദിവസം രാത്രി പാമ്പൂർ സ്വദേശി നിസാറുദ്ദീന്റെ വീടിനടുത്ത് പാർക്ക് ചെയ്ത യമഹ എഫ്‌സെഡ്‌ ബൈക്ക്‌ മോഷ്ടിച്ചാണ്‌ പ്രതികൾ കറങ്ങിയത്‌. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും മറ്റു പരിശോധനകളിൽനിന്നും  പ്രതികൾ ചേളാരിയിലെ ഒരു ലോഡ്ജിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. ലോഡ്‌ജ്‌ വളഞ്ഞ്‌ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നീട്‌ അതി സാഹസികമായി ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. 
   മോഷ്ടിച്ച ബൈക്കിൽപോയി,  റോഡിലൂടെ നടന്നുപോകുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുന്നതാണ്‌ ഇവരുടെ മോഷണരീതി. പാമ്പൂരിൽനിന്ന്‌ മോഷ്ടിച്ച ബൈക്ക്‌ ഉപയോഗിച്ച്‌ ഇവർ പാലക്കാട് യാക്കരയിൽ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ സ്വർണ മാല പൊട്ടിച്ചെടുത്തു. ഈ  മാല പാലക്കാട് ടൗണിലെ ജ്വല്ലറിയിൽ വിൽക്കുകയും ചെയ്‌തു. 
മാല വിറ്റു കിട്ടിയ പണംകൊണ്ട് മദ്യവും മയക്കുമരുന്നുകളും ഉപയോഗിച്ച്‌ ചേളാരിയിൽ കഴിയവേയാണ്‌ പൊലീസിന്റെ വലയിലായത്‌. തൃശൂർ ജില്ലയിൽ മാത്രം എട്ട്‌ പിടിച്ചുപറി, മോഷണ കേസുകളും മറ്റു ജില്ലകളിലായി അഞ്ച്‌ കേസുകളും പ്രതികളുടെ പേരിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. എസ്‌ഐ എബ്രഹാം വർഗീസ്, എഎസ്ഐ പ്രദീപ് കുമാർ, സിപിഒമാരായ പി സി അനിൽകുമാർ, അനീഷ്, വൈ ടോമി തുടങ്ങിയവരും അന്വേഷക സംഘത്തിലുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top