പാവറട്ടി
എൽഡിഎഫ് പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ട പാവറട്ടി പഞ്ചായത്ത് പ്രസിഡന്റിനെ ഭരണസമിതി യോഗത്തിൽ എസ്ഡിപിഐ അംഗങ്ങളും യുഡിഎഫ് അംഗങ്ങളും കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. കഴിഞ്ഞ ഭരണസമിതി യോഗം ചർച്ച ചെയ്ത അജൻഡ വീണ്ടും ചർച്ചയ്‌ക്കെടുക്കാൻ പ്രതിപക്ഷം ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ജനോപകാരപ്രദമായ നിരവധി പദ്ധതികൾ ചർച്ച ചെയ്യേണ്ട സമയം അനാവശ്യകാര്യങ്ങൾക്കും പിടിവാശികൾക്കുമായി ചെലവഴിക്കാൻ അനുവദിക്കില്ലെന്ന്
പ്രസിഡന്റ് എം എം റെജീനയുടെ നേതൃത്വത്തിൽ ഭരണസമിതി നിലപാടെടുത്തതോടെ പ്രകോപിതരായ എസ്ഡിപിഐ, - യുഡിഎഫ് അംഗങ്ങൾ പ്രസിഡന്റിനെയും അംഗങ്ങളെയും ക്യാബിനിൽ ഇട്ട് പൂട്ടി താക്കോൽ ഊരിയെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചില്ലുവാതിൽ തകർക്കുകയും ചെയ്തു. പൊലീസ് എസ്ഡിപിഐ അംഗം ഹബീബിനെ അറസ്റ്റ് ചെയ്തശേഷമാണ് പ്രസിഡന്റിനെയും അംഗങ്ങളെയും മോചിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ഭരണസമിതിയംഗങ്ങൾ തുടങ്ങിയവർ പാവറട്ടി പൊലീസിൽ പരാതി നൽകി. പൊതുമുതൽ നശിപ്പിച്ചതായും ഭീഷണിപ്പെടുത്തി കൃത്യനിർവഹണം തടസ്സപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് പാവറട്ടിയിൽ പ്രകടനവും യോഗവും നടത്തി. സിഐടിയു മണലൂർ ഏരിയ സെക്രട്ടറി വി ജി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ബൈജു ലൂവിസ് അധ്യക്ഷനായി. വി കെ ജോസഫ്, വി എസ് ശേഖരൻ, പി എ അഷ്കർ അലി, ശോഭ രൺജിത്ത്, കെ ദ്രൗപദി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..