18 December Thursday
നഷ്ടം ഈടാക്കാൻ സർച്ചാർജ്‌ നടപടിയായി

പിലാക്കോട്‌ സർവീസ്‌ സഹകരണ ബാങ്കിൽ നടന്നത്‌ വൻ അഴിമതി

സ്വന്തം ലേഖകൻUpdated: Thursday Sep 28, 2023
തൃശൂർ
കോൺഗ്രസ്‌ ഭരണസമിതി നേതൃത്വത്തിലുള്ള ചേലക്കരയിലെ  പിലാക്കോട്‌ സർവീസ്‌ സഹകരണ ബാങ്കിൽ നടന്നത്‌ ക്രമക്കേടുകളുടെയും അഴിമതിയുടെയും പരമ്പര. സഹകരണ വകുപ്പ്‌ ഇൻസ്‌പെക്ടർ ടി ബി ബീന നടത്തിയ അന്വേഷണത്തെത്തുടർന്നാണ്‌  അഴിമതികളുടെ ചുരുളഴിഞ്ഞത്‌. ബാങ്കിന്‌ വന്നിട്ടുള്ള നഷ്ടം പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളിൽനിന്ന്‌ ഈടാക്കാനും തീരുമാനമായി. 
2016 കാലഘട്ടത്തിൽ പുലാക്കോട്‌ സർവീസ്‌ സഹകരണ ബാങ്ക്‌  പ്രസിഡന്റും കോൺഗ്രസ്‌ നേതാവുമായ കെ രാമചന്ദ്രന്റെ നേതൃത്വത്തിലാണ്‌ വൻ അഴിമതികൾ അരങ്ങേറിയതെന്ന്‌ സഹകരണ വകുപ്പ്‌ അന്വേഷണത്തിൽ കണ്ടെത്തി. പ്രസിഡന്റുതന്നെ ഫോട്ടോസ്‌റ്റാറ്റ്‌ ആധാരംവച്ച്‌ വൻതുക വായ്‌പയെടുത്തതായും കണ്ടെത്തി. ഫോട്ടോസ്‌റ്റാറ്റ്‌ ആധാരത്തിന്മേൽ ഗഹാൻ ചമച്ചാണ്‌ വായ്‌പയും ഒറിജിനൽ ആധാരവും പ്രസിഡന്റ്‌ കൊണ്ടുപോയത്‌. വകുപ്പുതല അന്വേഷണത്തെത്തുടർന്ന്‌ ക്രമക്കേട്‌ പിടികൂടിയതോടെ, പ്രസിഡന്റ്‌ പണമടച്ച്‌ തടിതപ്പി. 
പ്രസിഡന്റ്‌  സ്വന്തം മൊബൈൽ ഫോണിന്റെ ബിൽ അടയ്‌ക്കുന്നതിന്റെ മറവിലും അനധികൃതമായി വൻ തുക അടിച്ചുമാറ്റി.  ഈ തുകയും പിന്നീട്‌ നടന്ന അന്വേഷണത്തിൽ തെളിഞ്ഞതോടെ, തിരികെ അടച്ചു. ബാങ്കിലെ വളം വിൽപ്പനയിൽ ക്രമക്കേട്‌ നടത്തി, ജീവനക്കാരൻ കൈക്കലാക്കിയ പണവും പരിശോധനയിൽ കണ്ടെത്തിയതോടെ തിരികെ അടപ്പിച്ചു. മാത്രമല്ല, ജീവനക്കാരനെതിരെ ഒരു നടപടിയും ബാങ്ക്‌ സ്വീകരിച്ചില്ല. ഓഫീസ്‌ നവീകരണത്തിന്റെ ഭാഗമായി കിണർനിർമാണം നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന്‌ കണ്ടെത്തി. സ്വർണപ്പണ്ടം പണയത്തിലും ലേലത്തിലും വീഴ്‌ചവരുത്തിയതിന്റെ ഭാഗമായി ബാങ്കിന്‌ വൻ തുക നഷ്ടം വരുത്തി. അനുമതിയില്ലാതെ മാസ നിക്ഷേപ പദ്ധതി നടത്തിയതിൽ വൻക്രമക്കേടാണ്‌ കാണാനായത്‌. ആറു സീരീസുകളിലായി 22 എംഡിഎസുകളാണ്‌ നടത്തിയത്‌. ഇതിന്റെ ഭാഗമായി സർക്കാരിലേക്ക്‌ അടയ്‌ക്കേണ്ട തുകയും അടച്ചിട്ടില്ല. 
ബാങ്കിൽ പല വിധത്തിലുള്ള ഇടപാടുകളിൽ നടന്നിട്ടുള്ള  അഴിമതികൾ സഹകരണ വകുപ്പ്‌ അന്വേഷണത്തിൽ തെളിഞ്ഞതോടെ, അഴിമതിപ്പണം തിരികെ അടച്ച്‌ പിടിച്ചുനിൽക്കാനും  ഭരണസമിതി ശ്രമിച്ചു. ഇങ്ങനെ  അടച്ചു തീർത്തിട്ടും ബാക്കിവരുന്ന 11.58 ലക്ഷം രൂപ സർച്ചാർജ്‌ ചെയ്യാൻ സഹകരണ വകുപ്പ്‌ ഉത്തരവായി. പ്രസിഡന്റിൽനിന്ന്‌ ഒന്നേമുക്കാൽ ലക്ഷംരൂപയും സെക്രട്ടറിയിനിന്ന്‌ 4.87 ലക്ഷവും ഉൾപ്പെടെയാണ്‌  സർചാർജ്‌ ഈടാക്കുക. 
ഇതിനിടെ, ബാങ്ക്‌ ഭരണസമിതിയിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടന്നെങ്കിലും  കോൺഗ്രസ്‌ ഭരണസമിതി അധികാരത്തിൽ വന്നു. ബാങ്കിലെ ക്രമക്കേടുകൾ എല്ലാം തുടർച്ചയായ ഓഡിറ്റുകളിൽ കണ്ടെത്തിയിട്ടും  തിരുത്തൽ നടപടികൾ സ്വീകരിക്കുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top