18 December Thursday
വോട്ടര്‍പട്ടിക പുതുക്കല്‍

ഗൃഹസന്ദര്‍ശന 
പരിപാടിയില്‍ ജില്ല ഒന്നാമത്

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023
തൃശൂർ
പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ ബൂത്ത് ലെവൽ ഓഫീസർമാരുടെ ഗൃഹസന്ദർശന പരിപാടിയിൽ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം കൈവരിച്ച് ജില്ല. 96.12 ശതമാനം വോട്ടർമാരെയും ഗൃഹസന്ദർശനത്തിലൂടെ ബൂത്ത് ലെവൽ ഓഫീസർമാർ നേരിൽ കണ്ടു. 95.58 ശതമാനവുമായി ഇടുക്കി ജില്ല രണ്ടാം സ്ഥാനത്തും 90.73 ശതമാനവുമായി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തുമാണ്. തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശപ്രകാരമാണ് പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി   ഗൃഹസന്ദർശന പരിപാടി സംഘടിപ്പിച്ചത്. പുതിയ വോട്ടർമാരെ കണ്ടെത്തി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബൂത്ത് ലെവൽ ഓഫീസർമാരും താലൂക്ക്, ജില്ലാ ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥരും അവധി ദിവസങ്ങളിലുൾപ്പെടെ ഗൃഹസന്ദർശനം നടത്തിയതിന്റെ ഫലമായാണ് ഈ നേട്ടം കരസ്ഥമാക്കാനായത്.
ഗൃഹ സന്ദർശന വേളയിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിച്ച് 2024 ജനുവരി അഞ്ചിന് പുതിയ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. മരണപ്പെട്ടവരുടെയും സ്ഥലം മാറിപ്പോയവരുടെയും വിവരങ്ങളും ഇരട്ടവോട്ടർമാരുടെ വിവരങ്ങളും ശേഖരിച്ച് അവരെ വോട്ടർ പട്ടികയിൽനിന്നും ഒഴിവാക്കി പട്ടിക ശുദ്ധീകരിക്കുന്ന പ്രവൃത്തിയും ഇതോടൊപ്പം നടക്കും. ഇതിനുശേഷമുള്ള കരട് വോട്ടർ പട്ടിക 2023 ഒക്ടോബർ 27 ന് പ്രസിദ്ധീകരിക്കും. കരടിൻ മേലുള്ള ആക്ഷേപങ്ങളും അവകാശങ്ങളും ഒക്ടോബർ 27 മുതൽ ഡിസംബർ ഒമ്പത് വരെ സ്വീകരിക്കും. മികച്ച പ്രവർത്തനത്തിലൂടെ ജില്ലയെ സംസ്ഥാനത്ത് ഒന്നാമതെത്തിച്ച ബിഎൽഒമാരെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെയും കലക്ടർ വി ആർ കൃഷ്ണതേജ അഭിനന്ദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top