ചാലക്കുടി
ട്രാംവേ റോഡിൽ ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിന് മുന്നിൽ വഴിയോരത്ത് പൊലീസ് പിടിച്ചെടുത്ത് കൂട്ടിയിട്ട പഴയ വാഹനങ്ങൾ നീക്കം ചെയ്തു. വാഹനങ്ങൾ ഇവിടെ കൊണ്ടിട്ടതിനെത്തുടർന്ന് വലിയ ഗതാഗത തടസ്സമാണ് നേരിട്ടിരുന്നത്. നിർമാണം പൂർത്തീകരിച്ച അടിപ്പാതയിലൂടെ കൂടുതൽ വാഹനങ്ങൾ വന്നുതുടങ്ങിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. വാഹനങ്ങൾ നീക്കം ചെയ്യാത്ത നടപടിക്കെതിരെ നാട്ടുകാരുടേയും യാത്രക്കാരുടേയും വലിയ പ്രതിഷേധവും ഉയർന്നിരുന്നു.
റോഡിലേക്ക് തള്ളി നിന്നിരുന്ന ഈ വാഹനങ്ങളുടെ ഭാഗങ്ങളിൽ തട്ടി നിരവധി അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലം കാടുകയറിയതോടെ ഇവിടം ഇഴജന്തുക്കളുടെ താവളവുമായി മാറി. ട്രാഫിക് പരിഷ്‌കരണം സംബന്ധിച്ച ചർച്ചയിൽ സ്വകാര്യ ബസുടമകളും വാഹനങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് മിനി സിവിൽ സ്റ്റേഷനിൽ ഡിവൈഎസ്‌പി ഓഫീസ് പ്രവർത്തിച്ച ഘട്ടത്തിലാണ് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ റോഡരികിൽ കൊണ്ടിട്ട് തുടങ്ങിയത്. ഡിവൈഎസ്‌പി ഓഫീസ് ഇവിടെ നിന്നും മാറ്റിയിട്ടും റോഡരികിൽ കൂട്ടിയിട്ട വാഹനങ്ങൾ നീക്കം ചെയ്യാൻ നടപടിയുണ്ടായില്ല.
പ്രതിഷേധം ശക്തമായതോടെയാണ് അധികൃതർ നടപടി ക്രമങ്ങൾ പെട്ടെന്ന് പൂർത്തീകരിച്ച് വാഹനങ്ങൾ നീക്കം ചെയ്യാൻ തയ്യാറായത്. രാത്രിയോടെ മുഴുവൻ വാഹനങ്ങളും ഇവിടെ നിന്നും നീക്കം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..