18 September Thursday

ഫ്ലാറ്റിന്റെ പോർച്ചിൽ കാർ കയറ്റാനാകുന്നില്ല; 
നിഷാമിനെതിരെ കോടതി വിധി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

 

തൃശൂർ
ശോഭാമാളിൽ സെക്യൂരിറ്റിക്കാരനെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മുഹമ്മദ്‌ നിഷാമിനെതിരെ വീണ്ടും കോടതി വിധി. മുഹമ്മദ്‌ നിഷാമിന്റെ ഉടമസ്ഥതയിൽ അത്താണിയിലുള്ള പാം ഷെയ്‌ഡ്‌ അപ്പാർട്ട്‌മെന്റ്‌ ഫ്ലാറ്റിന്റെ പോർച്ചിൽ കാർ കയറ്റാൻ കഴിയാത്തതിനെ ചോദ്യം ചെയ്ത് തൊടുപുഴ മുട്ടം നെല്ലിക്കുഴിയിൽ എൻ പി ചാക്കോ ഫയൽ ചെയ്ത ഹർജിയിലാണ് നിഷാമിനോട്‌ നഷ്ടപരിഹാരമായി 35,000 രൂപ നൽകാൻ കോടതി വിധിച്ചത്‌. 
തൃശൂർ പടിയം അടക്കാപറമ്പിൽ എ എ മുഹമ്മദ്‌ നിഷാം,  തൃശൂർ എംജി റോഡിലെ കിങ്‌ സ്പേസസ് ആൻഡ്‌ ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ജനറൽ മാനേജർ പി  ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ്‌ വിധിയായത്. ഫ്ലാറ്റും കാർപോർച്ചും ബുക്ക് ചെയ്ത്‌ നാളുകൾ ഏറെ കഴിഞ്ഞാണ്‌ ചാക്കോയ്‌ക്ക്‌ അത്‌ കൈമാറിയത്‌. ഒരു ലക്ഷം രൂപ കാർപോർച്ചിന് മാത്രമായി ഈടാക്കിയിരുന്നു.എന്നാൽ, പോർച്ചിൽ കാർ കയറ്റാൻ കഴിഞ്ഞിരുന്നില്ല. റോഡിൽനിന്ന് കാർപോർച്ചിലേക്ക് ചെരിച്ച്‌ കോൺക്രീറ്റ് ചെയ്തിരുന്നെങ്കിലും ചെരിവ്‌ കുറവ് മൂലം കാർ കയറ്റാനായിരുന്നില്ല. കോടതി നിയോഗിച്ച വിദഗ്‌ധർ പരിശോധന നടത്തി അപാകം റിപ്പോർട്ട് ചെയ്‌തതിനെത്തുടർന്നാണ്‌ പ്രസിഡന്റ്‌ സി ടി സാബു, മെമ്പർമാരായ എസ്‌ ശ്രീജ, ആർ രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി  ഉത്തരവിട്ടത്‌. നഷ്ടപരിഹാരമായി 10,000 രൂപയും ചെലവിലേക്ക് 25,000 രൂപയും നൽകണമെന്നും വിധിയിൽ പറയുന്നു. ഹർജിക്കാരനുവേണ്ടി അഡ്വ. എ ഡി ബെന്നി ഹാജരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top