25 April Thursday
യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന സമ്മേളനം

ചർച്ച വേണ്ട: അഴിമതിയും 
പിടിപ്പുകേടും പുറത്താകും

പ്രത്യേക ലേഖകൻUpdated: Sunday May 28, 2023
തൃശൂർ
യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികൾക്ക്‌ ചർച്ചചെയ്യാനുള്ള അവസരം നിഷേധിച്ചതിനുപിന്നിൽ നേതൃത്വത്തിന്റെ അഴിമതിയും പിടിപ്പുകേടും തുറന്നുകാട്ടുമെന്ന ഭയം. മൂന്ന്‌ ദിവസമായി തൃശൂരിൽ നടന്ന സമ്മേളനം നേതാക്കളുടെ പ്രസംഗമത്സരമായി മാറിയെന്ന്‌ ഒരു വിഭാഗം ആരോപണമുന്നയിച്ചു. ജില്ലകളിൽനിന്ന്‌ ഓരോ പ്രതിനിധിക്കെങ്കിലും ചർച്ചയ്‌ക്ക്‌ അവസരം നൽകുമെന്ന്‌ നേരത്തേ ഉറപ്പ്‌ നൽകിയെങ്കിലും അവസാനം അതും ഉപേക്ഷിച്ചു.  
     സമ്മേളന നടത്തിപ്പിലെ പിടിപ്പുകേടും അഴിമതി ആരോപണങ്ങളും  മാധ്യമങ്ങൾ ആഘോഷിക്കുമെന്ന ഭയവും ഇതിന്‌ പിന്നിലുണ്ടായിരുന്നു.   സമ്മേളനത്തിന്റെ ഭാഗമായുള്ള ജാഥാസംഗമത്തിന്‌ രാഹുൽഗാന്ധി, കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, കോൺഗ്രസ്‌ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവർ എത്തുമെന്ന്‌ അറിയിച്ചെങ്കിലും അവർ തിരിഞ്ഞുനോക്കിയില്ല. സമ്മേളനത്തിന്‌ മുമ്പ്‌ തിങ്കളാഴ്‌ച സാംസ്‌കാരിക സംഗമം നടത്തുമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചെങ്കിലും ആർഎസ്‌എസിനെതിരെ പറയേണ്ടിവരുമെന്നതിനാൽ ആ പരിപാടിയും ഒഴിവാക്കി. സമ്മേളനത്തിന്റെ മുദ്രാവാക്യംതന്നെ ‘നീതി  നിഷേധങ്ങളിൽ നിശ്ശബ്ദരാകില്ല, വിദ്വേഷ രാഷ്ട്രീയത്തോട്‌ വിട്ടുവീഴ്‌ചയില്ല’ എന്നതായിരുന്നു. 
    എന്നാൽ സെമിനാർ ഒഴിവാക്കിയത്‌ വൻ വിവാദമായതോടെ സമ്മേളനം കഴിഞ്ഞ്‌ ശനിയാഴ്‌ച പേരിനൊരു ചടങ്ങ്‌ സംഘടിപ്പിച്ചു. സമ്മേളന ഫണ്ട്‌ പിരിവിലും ആക്ഷേപമുയർന്നിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്‌ സ്വന്തം ബാങ്ക്‌ അക്കൗണ്ടാണ്‌ സംഭാവനയ്‌ക്കായി നൽകിയത്‌. ഇതിൽ എത്ര പണം വന്നുവെന്ന്‌ നേതാവിന്‌ മാത്രമേ അറിയൂ. ഇക്കാര്യം സമ്മേളനത്തിൽ ഉന്നയിക്കാൻ ചിലർ തയ്യാറെടുക്കുകയും ചെയ്‌തിരുന്നു. സംസ്ഥാന പ്രസിഡന്റിന്റെ ജില്ലയായ പാലക്കാട്‌ മണ്ഡലം കമ്മിറ്റികൾ കൂട്ടത്തോടെ പിരിച്ചുവിടുകയും 32 നേതാക്കളെ പുറത്താക്കുകയും ചെയ്‌തിരുന്നു. 
അച്ചടക്കത്തിന്റെ പേരിൽ എടുത്ത നടപടി ഒടുവിൽ നാണക്കേടായതോടെ പിൻവലിക്കുകയും ചെയ്‌തു. മോദി 2000 ന്റെ നോട്ട്‌ പിൻവലിച്ചതുപോലെ, എന്തിനാണ്‌ പുറത്താക്കിയതെന്നും തിരിച്ചെടുക്കാൻ കാരണമെന്തെന്നും ആർക്കും അറിയില്ല. യൂത്ത്‌ കോൺഗ്രസിന്‌ ആസ്ഥാന മന്ദിരം നിർമിക്കാൻ പിരിച്ച ഫണ്ടിന്റെ കണക്കിതുവരെ പുറത്തുവിട്ടിട്ടില്ല.
 ഒരു നേതാവ്‌ വിദേശത്തുപോയി പണപ്പിരിവ്‌ നടത്തിയെന്ന  ആരോപണവും  ജോലിയും കൂലിയുമില്ലാത്ത നേതാവിന്‌ 15 ലക്ഷം രൂപയുടെ കാറിൽ കറങ്ങാൻ എവിടെനിന്നാണ്‌ പണമെന്ന ചോദ്യവും ഉന്നയിക്കാൻ കഴിയാതായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top