24 April Wednesday

ആ ‘തനി തങ്കങ്ങൾ’ ദേ തൃശൂരിൽ; മികച്ചവരെല്ലാരും ഒന്നിച്ചാഹ്ലാദം പങ്കിട്ടു

അക്ഷിതരാജ്‌Updated: Saturday May 28, 2022

മികച്ച നടനുള്ള പുരസ്കാരം നേടിയ ബിജു മേനോനെ വിനീത് ശ്രീനിവാസൻ അഭിനന്ദിക്കുന്നു

തൃശൂർ > "മികച്ച നടൻ- ബിജുമേനോൻ, മികച്ച സംവിധായകൻ– ദിലീഷ്‌ പോത്തൻ, മികച്ച സ്വഭാവനടി–- ഉണ്ണിമായ....' മന്ത്രി സജി ചെറിയാൻ മലയാള സിനിമയിലെ മികച്ചവരെ ഓന്നൊന്നായി പ്രഖ്യാപിക്കുമ്പോൾ ഇങ്ങ്‌ തൃശൂരിലെ സ്വകാര്യ ഹോട്ടലിൽ ആരവമുയർന്നു. ‌മികച്ചവരെല്ലാരും ഒന്നിച്ചാഹ്ലാദം പങ്കിട്ട അപൂർവകാഴ്‌ച.
 
മികച്ച നടനായി തെരഞ്ഞെടുത്ത ബിജുമേനോൻ, സംവിധായകൻ ദിലീഷ്‌ പോത്തൻ, തിരക്കഥാകൃത്ത്‌ ശ്യാംപുഷ്‌കരൻ, ശ്യാംപുഷ്‌കരന്റെ ഭാര്യ കൂടിയായ,  സ്വഭാവ നടിക്കുള്ള അവാർഡ്‌ ലഭിച്ച ഉണ്ണിമായ, കലാസംവിധായകൻ ഗോകുൽദാസ്‌, ജനപ്രിയ ചിത്രമായി തെരഞ്ഞെടുത്ത "ഹൃദയ' ത്തിന്റെ സംവിധായകൻ വിനീത്‌ ശ്രീനിവാസൻ എന്നീ ആറുപേരാണ്‌   അവാർഡ്‌ പ്രഖ്യാപന വേളയിൽ അപ്രതീക്ഷിതമായി തൃശൂരിൽ സംഗമിച്ചത്‌.  ശ്യാം പുഷ്‌കരൻ തിരക്കഥ രചിച്ച "തങ്കം' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായാണ്‌ എല്ലാവരും തൃശൂരിലെത്തിയത്‌.
 
മികച്ച നടനുള്ള അവാർഡ്‌ ആദ്യമായി ലഭിച്ചതിൽ അതിയായ സന്തോഷവും കൂടെ നിന്നവർക്ക്‌ നന്ദിയുമുണ്ടെന്ന്‌ ബിജുമേനോൻ പറഞ്ഞു. "ആർക്കറിയാം' എന്ന ചിത്രത്തിലെ അഭിനയത്തിനാണ്‌ ബിജുമേനോനെ മികച്ച നടനായി തെരഞ്ഞെടുത്തത്‌. ജോജി എന്ന ചിത്രമാണ്‌ ദിലീഷ്‌ പോത്തനെ അവാർഡിനർഹമാക്കിയത്‌. കോവിഡ്‌ കാലഘട്ടം ഇല്ലായിരുന്നെങ്കിൽ ജോജിപോലൊരു ചിത്രം ഉണ്ടാകില്ലായിരുന്നു എന്ന്‌ ദിലീഷ്‌ പോത്തൻ പ്രതികരിച്ചു.
 
ഇതേ ചിത്രത്തിലെ അഭിനയത്തിനാണ്‌ ഉണ്ണിമായയെ മികച്ച സ്വഭാവ നടിയായും മികച്ച തിരക്കഥാകൃത്തായി (അഡാപ്‌റ്റേഷൻ) ശ്യാംപുഷ്‌കരനെയും തെരഞ്ഞെടുത്തത്‌. ജനപ്രിയ ചിത്രമായി തെരഞ്ഞെടുത്ത "ഹൃദയ'ത്തിന്റെ സംവിധായകൻ വിനീത്‌ ശ്രീനിവാസനും അപൂർവ സംഗമത്തിൽ ഒപ്പംകൂടി. തുറമുഖം എന്ന ചിത്രത്തിനാണ്‌ ഗോകുൽ ദാസിനെ മികച്ച കലാസംവിധായകനായി തെരഞ്ഞെടുത്തത്‌. "തങ്കം' എന്ന ചിത്രത്തിൽ രണ്ട്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌ ബിജു മേനോനും വിനീത്‌ ശ്രീനിവാസനുമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top