25 April Thursday

ഹാൻഡ്‌വാഷ്‌, മാസ്‌ക്‌ വിൽപ്പന ഡബിളാ... ഡബിള്‌

സ്വന്തം ലേഖകൻUpdated: Saturday Mar 28, 2020

തൃശൂർ

എംജി റോഡിലെ ജനസേവ മെഡിക്കൽസിൽ നിന്ന്‌ കുറ്റൂർ സ്വദേശി ഉണ്ണികൃഷ്ണൻ  ആവശ്യപ്പെട്ടത് വലിയ സാനിറ്റൈസർ ബോട്ടിൽ. 500 മില്ലിയുടെ ബ്രാൻഡഡ്‌ ഉൽപ്പന്നം 550 രൂപയ്‌ക്ക് വാങ്ങി.   'ഇവിടെ വിലയല്ല പ്രശ്നം. കരുതലാണ്. നാട് മഹാമാരിയിലാണ്. സാനിറ്റൈസറും ഹാൻഡ്‌വാഷും സോപ്പും മാസ്ക്കുമെല്ലാം ഭക്ഷണം പോലെ വീട്ടിൽ കരുതണം'‐ ഉണ്ണികൃഷ്ണൻ പറഞ്ഞു. 
മരുന്നും സാനിറ്റൈസറും മാസ്ക്കും  വാങ്ങിക്കൂട്ടുമ്പോൾ തിരിച്ചറിയാം; ജനം നെഞ്ചേറ്റുന്നു ആരോഗ്യവകുപ്പ്‌ നിർദേശങ്ങൾ. ഇവയുടെ വിൽപ്പനയിൽ ഫെബ്രിവരി മുതൽ മൂന്നും നാലും ഇരട്ടി വർധന.  'നേരത്തേ കിട്ടിക്കൊണ്ടിരുന്ന 50 രൂപയുടെയും നൂറു രൂപയുടെയും സാനിറ്റൈസർ കിട്ടാനില്ല.   സാധാരണ മാസ്കിന് 15‐18 രൂപയും എൻ  95 ബ്രാൻഡഡ് ഇനത്തിന് 150 രൂപയുമായി. അണുനാശിനി സ്പ്രേക്ക് 150 രൂപയും ഹാൻഡ്‌വാഷിന് 200 മില്ലിക്ക്‌ 85 രൂപയുമാണ്. സ്റ്റോക്ക് വരുന്നതെല്ലാം പെട്ടെന്ന് വിറ്റുതീരുകയാണ്. ഇതോടൊപ്പം മരുന്നു വിൽപ്പനയും  വർധിച്ചു. സ്ഥിരമായി മരുന്നുകഴിക്കുന്നവർ സ്റ്റോക്ക് ചെയ്യുകയാണ്'‐ കടയുടമ തൃശൂർ സ്വദേശി പി യു ശ്രീജിത്ത് പറഞ്ഞു. മറ്റ് വ്യാപരമേഖലകളിൽ മാന്ദ്യമുണ്ടെങ്കിലും സാനിറ്റൈസർ, ഹാൻഡ്‌വാഷ് തുടങ്ങിയവയുടെ വിൽപ്പനയിൽ 200 ശതമാനത്തിൽപ്പരം വർധിച്ചെന്ന് ഓൾകേരള കെമിസ്റ്റ്സ് ആൻഡ്‌ ഡ്രഗിസ്റ്റ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ എൻ മോഹനൻ പറഞ്ഞു.കൈകഴുകൽ വ്യാപകമായതോടെ സോപ്പ് വിൽപ്പനയും വർധിച്ചു. സോപ്പിനും ഹാൻഡ്‌ വാഷിനും ഫെബ്രുവരി മുതൽ 100 ശതമാനത്തോളം വിൽപ്പന  വർധിച്ചെന്ന് തൃശൂർ തിരുവമ്പാടി ബിൽഡിങ്സിലെ ജോൺസൺ സ്റ്റോർ ഉടമ കെ ടി ജോണി പറഞ്ഞു. കോവിഡ് കാലം കഴിഞ്ഞാലും വ്യക്തിശുചീകരണമടക്കമുള്ള രോഗപ്രതിരോധ നടപടികൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാക്കണമെന്ന് കത്തോലിക്ക വികാരിയും ഡോക്ടറുമായ ഫാ. ഫ്രാൻസിസ് ആലപ്പാട്ട് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top