19 April Friday

നിയന്ത്രണംവിട്ട കാറിടിച്ച്‌ 
കാൽനടയാത്രികർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023
തൃശൂർ
നിയന്ത്രണം വിട്ട് അമിതവേഗത്തിലെത്തിയ കാർ കാൽനടയാത്രികർക്കിടയിലേക്ക് ഇടിച്ചുകയറി.  മൂന്ന് പേർക്ക് പരിക്കേറ്റു. മദ്യലഹരിയിലായിരുന്ന കാർ ഡ്രൈവറെ  പിന്തുടർന്ന്‌ പൊലീസ്‌ പിടികൂടി. നെടുപുഴ ഫ്രണ്ട്സ് ഗാർഡൻ സൈന്തമഠം ശിവകുമാറിന്റെ മകൻ മണികണ്ഠൻ (27), വലപ്പാട് ചോയിപ്പറപ്പിൽ വീട്ടിൽ സന്തോഷ് (51), ഒല്ലൂർ സ്വദേശി സൈമൺ (60) എന്നിവർക്കാണ് പരിക്കേറ്റത്. മണികണ്ഠന്റെ നില ഗുരുതരമാണ്. പാലക്കാട് പെരിങ്ങോട്ടുകുറിശി കുന്നത്ത് വീട്ടിൽ ഗോപീകൃഷ്ണ(30)നാണ് മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയത്. ഉച്ചകഴിഞ്ഞ് അയ്യന്തോൾ ചുങ്കത്തിന് സമീപമാണ് അപകടം. റോഡിന് വലതുവശത്ത് കൂടി നടന്നു പോവുകയായിരുന്നവർക്കിടയിലേക്കാണ് കാർ ഇടിച്ചു കയറിയത്. കാർ അപകടമുണ്ടാക്കി നിർത്താതെ പോയെന്ന് വിവരം കിട്ടിയതോടെ കലക്ടറേറ്റ് പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യൽ ബ്രാഞ്ച് സിവിൽ പൊലീസ് ഓഫീസർ അരുൺജിത്ത് ബൈക്കിൽ പിന്തുടർന്ന് പുതൂർക്കരയിൽവച്ച് കാർ പിടികൂടുകയായിരുന്നു. ഭാവി വധുവിനെ പരീക്ഷയെഴുതിക്കാനെത്തിച്ചതായിരുന്നു ഇയാൾ. പടിഞ്ഞാറേക്കോട്ട ജ്യോതി ടവറിലായിരുന്നു പരീക്ഷ. പരീക്ഷ കഴിയുവോളമുള്ള സമയത്തെ ഇടവേളയിൽ മദ്യപിക്കുകയായിരുന്നു. പരിക്കേറ്റവരെ തൃശൂർ പടിഞ്ഞാറേകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയതിൽ ഗോപീകൃഷ്ണനെതിരെ കേസെടുത്തു. ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നിയമനടപടികളും സ്വീകരിക്കും. റിപ്പോർട്ട് മോട്ടോർ വാഹനവകുപ്പിന് കൈമാറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top