17 September Wednesday

അസമത്വങ്ങള്‍ക്കെതിരെ കൂട്ടായ പോരാട്ടം അനിവാര്യം: മന്ത്രി കെ രാധാകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022
തൃശൂർ
സാമൂഹിക, സാമ്പത്തിക അസമത്വങ്ങൾക്കെതിരെ ഒറ്റക്കെട്ടായ പോരാട്ടം അനിവാര്യമാണെന്ന്‌ മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. തേക്കിൻകാട് മൈതാനിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ സമത്വാധിഷ്ഠിതമാക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. പലതരം വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടുന്ന കാലഘട്ടമാണിത്. സമൂഹത്തിനെയാകെ ബാധിച്ച കോവിഡിനെതിരായ വലിയ പോരാട്ടം നമുക്ക് നടത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 
     കലക്ടർ ഹരിത വി കുമാർ അധ്യക്ഷയായി. സിറ്റി പൊലീസ് കമീഷണർ ആർ ആദിത്യ, റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രേ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. മേയർ എം കെ വർഗീസ്, അസി. കലക്ടർ സുഫിയാൻ അഹമ്മദ്, വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പത്മശ്രീ ജേതാവ് ഡോ. ശോശാമ്മ ഐപ്പ്   അതിഥിയായി.  
കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് പരേഡ് സംഘടിപ്പിച്ചത്. തൃശൂർ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് ഇൻസ്‌പെക്ടർ കെ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരേഡിൽ പൊലീസ്, എക്സൈസ് വിഭാഗങ്ങളുടെ നാല് പ്ലാറ്റൂണുകൾ അണിനിരന്നു. എസ്‌ഐമാരായ എം സുഭാഷ്, കെ ഗിരീഷ് കുമാർ, ഗീതുമോൾ എന്നിവർ പൊലീസ് പ്ലാറ്റൂണുകൾക്കും എക്‌സൈസ് ഇൻസ്‌പെക്ടർ ടി ആർ രാജേഷ് എക്‌സൈസ് പ്ലാറ്റൂണിനും നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top