04 December Monday
കള്ള പ്രചാരണങ്ങൾ തള്ളിക്കളയുക

സഹകരണ മേഖല സുരക്ഷിതം: ജോയിന്റ്‌ രജിസ്‌ട്രാർ

കെ പ്രഭാത്‌Updated: Wednesday Sep 27, 2023

ജൂബി ടി കുര്യാക്കോസ്

തൃശൂർ
സഹകരണ മേഖല സുശക്തമാണെന്നും   ഇടപാടുകാരുടെ നിക്ഷേപങ്ങളെല്ലാം പൂർണമായും സുരക്ഷിതമാണെന്നും സഹകരണ വകുപ്പ്‌ ജോയിന്റ്‌ രജിസ്‌ട്രാർ ജൂബി  ടി കുര്യാക്കോസ്‌. കരുവന്നൂർ സഹകരണ ബാങ്കിൽ വായ്‌പ ഇനത്തിലും മറ്റുമായി നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്‌. ഒരു വ്യക്തിയുടെ നിക്ഷേപത്തെക്കുറിച്ചുള്ള അന്വേഷണമാണ്‌ കരുവന്നൂരും മറ്റു ചില ബാങ്കുകളിലും ഇഡിയുടെ നേതൃത്വത്തിൽ നടക്കുന്നത്‌. മറ്റ്‌ ഒരു പ്രതിസന്ധിയും സഹകരണ സ്ഥാപനങ്ങളിൽ നിലവിലില്ല. കള്ള പ്രചാരണങ്ങൾ തള്ളിക്കളയണമെന്നും ജൂബി പറഞ്ഞു. 
നാടിന്റെ നെടുംതൂൺ
നാടിന്റെ സാമ്പത്തിക മേഖലയിലെ നെടുംതൂണാണ്‌ സഹകരണ സ്ഥാപനങ്ങൾ. ജില്ലയിൽ ആകെ 21,662 കോടി രൂപ നിക്ഷേപവും  17,320 കോടി രൂപ വായ്‌പയും നൽകിയിട്ടുള്ള ഇടത്തരം, സാധാരണക്കാരുടെ ആശ്രയകേന്ദ്രമാണ്‌ സഹകരണ സ്ഥാപനങ്ങൾ. 150 പ്രാഥമിക സംഘങ്ങളിലും  250 ഓളം മറ്റു സംഘങ്ങളിലുമായി നാലായിരത്തോളം ജീവനക്കാർ സ്‌തുത്യർഹമായ സേവനം നടത്തുന്നു. ആവശ്യക്കാർക്ക്‌ വായ്‌പ നൽകാനും  തിരിച്ചടയ്‌ക്കാൻ കഴിയാത്തവർക്ക്‌, മറ്റൊരു ബാങ്കും നൽകാത്തത്ര കിഴിവുകൾ നൽകി പണം തിരിച്ചടയ്‌ക്കുന്നതിനും സൗകര്യം നൽകുന്നുണ്ട്‌. 
ജില്ലയിൽ ഒരു ബാങ്കും 
ലിക്വിഡേഷൻ പാതയിലല്ല.
ജില്ലയിൽ പ്രവർത്തിക്കുന്ന നൂറ്റമ്പതോളം വരുന്ന സഹകരണ ബാങ്കുകളിൽ ഒന്നുംതന്നെ ലിക്വിഡേഷന്റെ പാതയിലല്ലെന്ന്‌ ജൂബി പറഞ്ഞു.സഹകരണ ബാങ്കിലെ നിക്ഷേപകർക്ക്‌ സഹായകമായി നിക്ഷേപ ഗ്യാരണ്ടി സ്‌കീം നിലവിലുണ്ട്‌. ബാങ്ക്‌ ലിക്വിഡേറ്റ്‌ ചെയ്തു പോകുകയാണെങ്കിൽ നിർബന്ധമായി നൽകേണ്ട ഗ്യാരണ്ടിത്തുക അഞ്ചു ലക്ഷമായി  വർധിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്‌. ഉത്തരവ്‌ ഉടൻ പുറത്തിറങ്ങും. 
മാധ്യമങ്ങൾ 
ഭീതി പടർത്തുന്നു
ജനങ്ങളെ ചേർത്തുപിടിക്കുന്ന സഹകരണ ബാങ്കുകളെക്കുറിച്ച്‌ ചില മാധ്യമങ്ങൾ ഭീതി പടർത്തുകയാണ്‌. ഇതു കണ്ട്‌ ആശങ്കപ്പെടുന്നവരാണ്‌   പണം പിൻവലിക്കാനെത്തുന്നത്‌.  നിക്ഷേപകർക്ക്‌ പണം തിരിച്ചു നൽകാൻ ഒരു തടസ്സവുമില്ല. കരുവന്നൂരിലും  പുത്തൂരിലും ഒഴികെ ആവശ്യപ്പെടുന്നവർക്ക്‌  പണം  നൽകാതിരുന്നിട്ടില്ല. അതിന്‌ ആവശ്യമായ പണം സഹകരണ സ്ഥപനങ്ങളിൽതന്നെയുണ്ട്‌. വായ്‌പകളും കൃത്യമായി നൽകുന്നുണ്ട്‌. 
ജനം ഒപ്പമുണ്ട്‌; നിക്ഷേപം ഇപ്പോഴും എത്തുന്നു
മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുമ്പോഴും ജില്ലയിലെ സഹകരണ സ്ഥാപനങ്ങളിൽ മിക്കയിടത്തും കഴിഞ്ഞ ഒരാഴ്‌ചയായി കോടിക്കണക്കിന്‌ രൂപയുടെ നിക്ഷേപമെത്തി. സഹകരണ മേഖലയോടുള്ള ജനങ്ങളുടെ വിശ്വാസ്യതയാണിതെന്നും  ജൂബി പറഞ്ഞു. 
കോവിഡ്‌ വലച്ചു; 
പിന്നീട്‌ ഉണർന്നു
ജനങ്ങൾക്കാകെ ആശ്വാസമായിരുന്ന സഹകരണ ബാങ്കുകൾ കോവിഡ്‌ അടച്ചുപൂട്ടലുകളെത്തുടർന്ന്‌ വായ്‌പകൾ തിരിച്ചടയ്‌ക്കാനാകാതെ വന്നതാണ്‌ ചെറിയ പ്രതിസന്ധി സൃഷ്ടിച്ചത്‌. ഇതിനെ മറികടന്ന്‌ സഹകരണ മേഖലയിൽ മികച്ച മുന്നേറ്റം നടക്കുന്നതിനിടെയാണ്‌ കരുവന്നൂരിന്റെ പേരിൽ  അന്വേഷണത്തിന്റെ ഭാഗമായുള്ള കള്ള വാർത്തകൾ പ്രചരിപ്പിച്ച്‌ ജനങ്ങളെ ഭീതിയിലാക്കുന്നത്‌.  
വീഴ്‌ച പരിശോധിക്കാൻ 
ശക്തമായ നടപടി 
സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സഹകരണ ബാങ്കുകളിൽ   കൃത്യമായ പരിശോധനകൾ സഹകരണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തുടരുന്നുണ്ട്‌. വീഴ്‌ച വരുത്തുന്ന ജീവനക്കാർക്കും ഭരണസമിതിക്കെതിരെയും വിട്ടു വീഴ്‌ചയില്ലാത്ത നടപടി സ്വീകരിക്കുന്നു. ഇടപാടുകാർക്കുള്ള സേവനം സുതാര്യമായി മുഴുവൻ സഹകരണ ബാങ്കുകളിലും നടക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്‌.
കരുവന്നൂരിലും 
വായ്‌പ ലഭിക്കും
കരുവന്നൂരിലും പുത്തൂരിലും ഒഴികെ മറ്റു സഹകരണ ബാങ്കുകളിലെല്ലാം സുരക്ഷിതമായ ബാങ്കിങ്‌ പ്രവർത്തനം തുടരുകയാണ്‌. കരുവന്നൂരിൽ 106 കോടിയുടെ ക്രമക്കേടുകളാണ്‌ കണ്ടെത്തിയത്‌. അത്‌ തിരിച്ചു പിടിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്‌. എന്നാൽ, 500 കോടിയുടെ ക്രമക്കേട്‌ എന്ന തരത്തിലാണ്‌ പ്രചാരണം. 
നിലവിൽ കരുവന്നൂർ ബാങ്കിൽപോലും ചെറുകിട വായ്‌പകളും മറ്റു ഇടപാടുകളും തടസ്സമില്ലാതെ നടക്കുന്നുണ്ട്‌. പുത്തൂർ സർവീസ്‌ സഹകരണ ബാങ്കിൽ പുതിയ ഭരണസമിതി ജനങ്ങൾക്ക്‌ സഹായകമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും ജൂബി വ്യക്തമാക്കി. 
രേഖകൾ ഇഡി 
കൊണ്ടുപോയത്‌ 
ഇടപാടുകാരെ വലയ്‌ക്കുന്നു
കരുവന്നൂർ സഹകരണ ബാങ്ക്‌ ഉൾപ്പെടെ ചില സഹകരണ ബാങ്കുകളിൽ  നടത്തുന്ന അന്വേഷണത്തിന്‌ മുന്നോടിയായി ഒരിക്കൽപോലും ഇഡി സഹകരണ വകുപ്പുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. 
ഇഡിയുടെ അന്വേഷണത്തിന്റെ ഭാഗമായി ചില സഹകരണ ബാങ്കുകളിൽനിന്ന്‌ വായ്‌പകളുടെയും  മറ്റു ചില രേഖകളും ഇഡി കൊണ്ടുപോയത്‌ ബാങ്ക്‌ ഇടപാടുകാരെ വലയ്‌ക്കുന്നുണ്ട്‌. കാലാവധി പൂർത്തിയായ വായ്‌പക്കാർക്കും പണ്ടം പണയക്കാർക്ക്‌  ഉൾപ്പെടെയുള്ളവർക്ക്‌ അത്‌ പുതുക്കാനോ തീർക്കാനോ കഴിയാത്ത സ്ഥിതിയുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top