തൃശൂർ
അംഗങ്ങളിൽനിന്നല്ലാതെ വൻ തുക നിക്ഷേപം സ്വീകരിക്കുകയും നിയമം മറികടന്ന് പ്രവർത്തിക്കുകയും ചെയ്‌തതിന് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിന്റെ സ്വത്തുക്കൾ ജപ്‌തി ചെയ്യാൻ കലക്ടർ ഉത്തരവിട്ടു. ഭാരത് ലജ്‌ന മൾട്ടി സ്‌റ്റേറ്റ് ഹൗസിങ് സൊസൈറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ കേരളത്തിലെ നാല് ബ്രാഞ്ചുകൾ ജപ്‌തി ചെയ്യാനും വാഹനങ്ങൾ കണ്ടുകെട്ടാനുമാണ് ഉത്തരവിട്ടത്.
വോട്ടവകാശമുള്ള അംഗങ്ങളിൽനിന്ന് മാത്രമേ നിക്ഷേപം സ്വീകരിക്കാൻ പാടുള്ളൂവെന്നും അനധികൃത നിക്ഷേപത്തിലൂടെ സ്ഥാപന ഉടമ നേട്ടമുണ്ടാക്കിയെന്നും അതിലൂടെ നിക്ഷേപകർക്ക് വൻ നഷ്ടം വരുത്തിയെന്നുമുള്ള പരാതികളിലാണ് നടപടി. ലീഡ് ബാങ്കായ കനറാബാങ്കിനോടാണ് നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. തൊടുപുഴ, കാഞ്ഞാർ, അടിമാലി, തൃശൂരിലെ നെടുപുഴ തുടങ്ങിയ പൊലീസ്‌സ്‌റ്റഷനുകളിൽ ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സെക്രട്ടറി സഞ്‌ജയ് എം കൗൾ അതത് ജില്ലാകലക്ടർമാർക്ക് നിർദേശം നൽകിയത്.
ഉടമകളുടെയോ സ്ഥാപനത്തിന്റെയോ സ്വത്തുകൾ ജപ്‌തി ചെയ്യാനും വാഹനങ്ങൾ കണ്ടുകെട്ടാനും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ഇതുപ്രകാരം തൃശൂരിൽ ജില്ലാ കലക്ടർ ലീഡ് ബാങ്കിന് കത്ത് നൽകിയിട്ടുണ്ട്. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി ഈ സഹകരണ സംഘത്തിന് 100 ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..