03 December Sunday
മൾട്ടി സ്‌റ്റേറ്റ്‌ സഹകരണ സംഘങ്ങളെ വെള്ളപൂശൽ ലക്ഷ്യം

കെട്ടുകഥകളുമായി പിന്നെയും മാതൃഭൂമി

സ്വന്തം ലേഖകൻUpdated: Wednesday Sep 27, 2023
തൃശൂർ
നാട്ടിലെ ജനങ്ങൾക്കാകെ കൈത്താങ്ങായ സഹകരണ ബാങ്കുകൾ തകർക്കാൻ മാതൃഭൂമിയുടെ കെട്ടുകഥ വാർത്ത. സഹകരണ ബാങ്കിലെ നിക്ഷേപങ്ങൾ ഒന്നും സുരക്ഷിതമല്ലെന്ന പ്രചാരണമാണ്‌  സംഘപരിവാരത്തെയും ഇഡിയെയും സഹായിക്കുന്ന തരത്തിൽ മാതൃഭൂമി വാർത്ത നൽകിയത്‌. കരുവന്നൂരിലേത്‌ ഒഴികെ ജില്ലയിലെ സഹകരണ സ്ഥാപനങ്ങളെല്ലാം സുരക്ഷിതമായി മുന്നോട്ടു പോകുന്നതിനിടെയാണ്‌ കള്ളവാർത്ത നൽകി മാതൃഭൂമി ജനങ്ങളെ  ഭീതിപ്പെടുത്തുന്നത്‌. 
കരുവന്നൂർ ബാങ്കിലെ ക്രമക്കേടിന്റെ ഭാഗമായി ഇടപാടുകാർക്കുണ്ടായ ബദ്ധിമുട്ട്‌ പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തി. കേരള ബാങ്കിന്റെ സഹായത്തോടെ 50 സഹകരണ ബാങ്കുകളെ ചേർത്ത്‌ കൺസോർഷ്യം ഉണ്ടാക്കാൻ തിരുമാനിച്ചു. കരുവന്നൂർ ബാങ്കിലെ ക്രമക്കേടിന്റെ ഭാഗമായുള്ള പണം തിരികേ ലഭിക്കുന്ന മുറയ്‌ക്കും മറ്റു സംവിധാനത്തിലൂടെയും പണം കൺസോർഷ്യത്തിന്‌ കൈമാറാനായിരുന്നു ആലോചന. എന്നാൽ, തീരുമാനം വന്നയുടൻ റിസർവ്‌ ബാങ്ക്‌ ഇടപെട്ട്‌ കേരള ബാങ്കിനോട്‌ ഒരു കാരണവശാലും പണം നൽകരുതെന്ന്‌ നിർദേശിക്കുകയായിരുന്നു. ഇതേ ത്തുടർന്നാണ്‌ കൺസോർഷ്യമെന്ന നീക്കം നടക്കാതെ പോയത്‌. 
കൺസോർഷ്യമെന്നത്‌ യാഥാർഥ്യമായിരുന്നെങ്കിൽ കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക്‌ ഒരു ബുദ്ധിമുട്ടും കൂടാതെ പണം തിരികെ ലഭിക്കുമായിരുന്നു. ഈ സത്യാവസ്ഥ മറച്ചു വച്ചാണ്‌ മാതൃഭൂമി സഹകരണ ബാങ്കുകളെ ആക്ഷേപിക്കുകയും തകർക്കുകയുംചെയ്യുക എന്ന ലക്ഷ്യത്തോടെ വാർത്ത പടച്ചുവിട്ടത്‌. 
മാത്രമല്ല, സഹകരണ ബാങ്കുകളിൽ നിലവിലുള്ള നിക്ഷേപ ഗ്യാരണ്ടി പദ്ധതിവഴി നിക്ഷേപകർക്കുള്ള സഹായധനത്തെക്കുറിച്ചു നൽകിയ വാർത്തയും വളച്ചൊടിച്ചു. ഏതെങ്കിലും സഹകരണ ബാങ്ക്‌ ലിക്വിഡേറ്റ്‌ ചെയ്യുകയാണെങ്കിൽ മാത്രമാണ്‌ നിക്ഷേപകന്‌ ഒരു ലക്ഷം രൂപ തിരിച്ച്‌ ലഭിക്കുക. എന്നാൽ, ജില്ലയിലെ സഹകരണ ബാങ്കുകൾ എല്ലാംതന്നെ സുരക്ഷിതപാതയിലാണ്‌. ഇനി ഏതെങ്കിലും സാഹചര്യത്തിൽ ലിക്വിഡേറ്റ്‌ ചെയ്യുന്ന ബാങ്കുകൾ നിക്ഷേപകർക്ക്‌ അഞ്ചു ലക്ഷം രൂപ നൽകണമെന്ന സർക്കാർ ഉത്തരവ്‌ ഉടൻ ഇറങ്ങാനിരിക്കുകയുമാണ്‌. 
നിലവിലെ സാഹചര്യത്തിൽ ഒരു ബാങ്കുപോലും ലിക്വിഡേറ്റ്‌ ചെയ്യേണ്ടിവരില്ലെന്ന്‌ തിരിച്ചറിഞ്ഞിട്ടും  ജനങ്ങളെ ഭീതിപ്പെടുത്തുന്ന മാതൃഭൂമി വർത്തയ്‌ക്കെതിരെ സഹകാരികൾക്കിടയിൽ വൻ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. 
മാത്രമല്ല, കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രസർക്കാരിന്റെ കീഴിൽ കൂണുപോലെ മുളച്ചുപൊന്തുന്ന മൾട്ടി സ്‌റ്റേറ്റ്‌ സഹകരണ സംഘങ്ങളെ വെള്ള പൂശാനും മാതൃഭൂമി മറന്നില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top