കുന്നംകുളം
കുഴൽപ്പണകേസിലെ ആരോപണ വിധേയൻ ഉദ്ഘാടകനായി, എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ച് ബഹിഷ്കരിച്ച് ബിജെപിയിലെ പ്രബല വിഭാഗം. എ സി മൊയ്തീൻ എംഎൽഎയുടെക്യാമ്പ് ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചാണ് നനഞ്ഞ പടക്കമായത്. നൂറിൽ താഴെ മാത്രം ആളുകളെവച്ച് മാർച്ച് സംഘടിപ്പിക്കേണ്ടി വന്നത് ജില്ലാ പ്രസിഡന്റ് നേതൃത്വം നൽകുന്ന വിഭാഗത്തോട് കുന്നംകുളത്തെ വലിയ വിഭാഗത്തിനുള്ള വിയോജിപ്പുമൂലമാണെന്ന് ആരോപണമുണ്ട്. മറ്റൊരു തട്ടിപ്പുകേസിൽ ആരോപണവിധേയനായ ആൾതന്നെ ഉദ്ഘാടകനായി എത്തുന്നതിലെ അനൗചിത്യവും ചൂണ്ടിക്കാണിച്ചാണ് ഒരു വിഭാഗം മാർച്ചിൽനിന്നും വിട്ടു നിന്നത്.
മാർച്ചിന് പരമാവധി പ്രചരണം നൽകുകയും ജില്ലാ അധ്യക്ഷനെതന്നെ ഉദ്ഘാടകനായി നിശ്ചയിക്കുകയും ചെയ്തിട്ടും ചൊവ്വാഴ്‌ച രാവിലെ പത്തിന് വിരലിലെണ്ണാവുന്നവർ മാത്രമേ ബിജെപി ഓഫീസിനു മുമ്പിൽ എത്തിയിരുന്നുള്ളൂ. പതിനൊന്നര കഴിഞ്ഞിട്ടും മാർച്ച് തുടങ്ങാനായില്ല. ജില്ലാ പ്രസിഡന്റിനെ അനുകൂലിക്കുന്നവർ ആളുകളെ എത്തിക്കുകയായിരുന്നു.
മാർച്ച് പാളിയതോടെ ഉള്ള പ്രവർത്തകർ അക്രമം അഴിച്ചുവിട്ടാണ് ആ ക്ഷീണം തീർത്തത്. പൊലീസ് പരമാവധി സംയമനം പാലിച്ചപ്പോഴും ബാരിക്കേഡുകൾ പൊലീസിന് മുകളിലേക്ക് എടുത്തിടാനുള്ള ശ്രമം ഒരു വിഭാഗം നടത്തി. ഇതോടെ ജല പീരങ്കി ഉപയോഗിക്കേണ്ടി വന്നു. ബാക്കി പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറാകാതെ വന്നതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..