26 April Friday
അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം

തുമ്പൂര്‍മുഴി പാര്‍ക്ക് 
പ്രവർത്തനം അവതാളത്തില്‍

സ്വന്തം ലേഖകൻUpdated: Monday Jun 27, 2022

തുമ്പൂർമുഴി പാർക്കിന്റെ ദൃശ്യം– (ഫയൽചിത്രം)

ചാലക്കുടി
അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിന്റെ കവാടമായ തുമ്പൂർമുഴി പാർക്കിലെ പ്രവർത്തനം അവതാളത്തിൽ.  സനീഷ്‌കുമാർ ജോസഫ്‌ എംഎൽഎയുടെ കെടുകാര്യസ്ഥതയാണ്  കാരണമെന്നാണ് ആക്ഷേപം. ലക്ഷങ്ങൾ വരുമാനമുണ്ടായിരുന്ന തുമ്പൂർമുഴിയിൽ ഇപ്പോൾ അത്‌ പരിമിതമായി. മൺസൂൺ ടൂറിസമടക്കമുള്ള സർവീസുകൾ നിർത്തിയതിനാൽ ബസുകൾ തുരുമ്പെടുക്കുന്നു. നിർമാണം പൂർത്തീകരിച്ച എട്ട് കടമുറികൾ ഇതുവരെ  ലേലം ചെയ്‌തിട്ടില്ല.   യൂത്ത് കോൺഗ്രസ്‌ നേതാവിനെ എക്‌സിക്യുട്ടീവ്‌ ഓഫീസറായി തിരുകിക്കയറ്റാൻ എംഎൽഎ ശ്രമം നടത്തി. ഇതിനെതിരെ ജീവനക്കാർ രംഗത്തെത്തിയതോടെ ആ ശ്രമം വിജയിച്ചില്ല. സമരത്തിന് നേതൃത്വം നൽകിയ സിഐടിയു യൂണിയനിൽപ്പെട്ട ജീവനക്കാരെ പീഡിപ്പിക്കുകയാണെന്നാണ്‌ ആക്ഷേപം. ടിക്കറ്റ് വിൽപ്പനയിൽ അധികം കണ്ടെത്തിയ പണം താൽക്കാലിക ജീവനക്കാർ കൊണ്ടുപോയെന്ന് ആരോപിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകിയതാണ് പുതിയ വിവാദം. ഡിഎംസി ചെയർമാൻകൂടിയായ എംഎൽഎ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നാണ് പരാതി. ജൂൺ 19ലെ കലക്ഷനിൽനിന്നും 3500 രൂപ രണ്ട് താൽക്കാലിക ജീവനക്കാർ കൈയിൽ വച്ചുവെന്നും അടുത്ത ദിവസം ആവശ്യപ്പെട്ടപ്പോഴാണ് തുക ഓഫീസിൽ എത്തിച്ചതെന്നുമാണ്‌ മാനേജരുടെ ചുമതലയുള്ള  ഉദ്യോഗസ്ഥ ആർഡിഒയ്‌ക്ക് നൽകിയ പരാതിയിൽ ആരോപിച്ചത്. തങ്ങളെ ഏൽപ്പിച്ച മുപ്പതിനായിരത്തിന്റെ കെട്ടിൽ പിന്നീട് എണ്ണി നോക്കിയപ്പോൾ 3500രൂപ അധികം കണ്ടുവെന്നും പണം പിറ്റേദിവസം ഓഫീസിൽ എൽപ്പിച്ച് രേഖയാക്കിയെന്നും  താൽക്കാലിക ജീവനക്കാർ പറയുന്നു. വിവരം യഥാസമയം ഉദ്യോഗസ്ഥയെ അറിയിക്കുന്നതിന് ഫോൺ ചെയ്‌തെങ്കിലും കിട്ടാതായപ്പോഴാണ് അധികം വന്ന തുക പിറ്റേന്ന് നൽകിയതെന്നുമാണ് ഇവർ പറയുന്നത്.  പണം അടുത്ത ദിവസം ബാങ്കിൽ അടയ്‌ക്കണമെന്നാണ് ചട്ടം. എന്നാൽ, ഇതിന് ചുമതലയുള്ള  ഉദ്യോഗസ്ഥ  ഡ്യൂട്ടിസമയം കഴിയും മുമ്പേ  വീട്ടിലേക്ക് പോകുന്നത് പതിവാണെന്നും ആക്ഷേപമുണ്ട്‌.   ഇവർക്കെതിരെ നടപടി സ്വീകരിക്കാത്ത എംഎൽഎ രാഷ്ട്രീയ വിരോധം തീർക്കുകയാണെന്നാണ് പരാതി. മൂന്ന് മാസത്തിനുള്ളിൽ ഡിഎംസി യോഗം വിളിക്കണമെന്ന ചട്ടം നിലനിൽക്കെ ഒരു വർഷം പിന്നിട്ട സാഹചര്യത്തിൽ എംഎൽഎ ഒരു യോഗം മാത്രമാണ് വിളിച്ചതെന്നും പറയുന്നു. മുൻ എംഎൽഎ ബി ഡി ദേവസിയുടെ ശ്രമഫലമായി കോടികളുടെ വികസന പദ്ധതികളാണ് പാർക്കിലേക്ക് കൊണ്ടുവന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top