25 April Thursday

വയറെരിയില്ല, തലചായ്ക്കാന്‍ ഇടവും

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

  തൃശൂർ

ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന്‌  നഗരം വിജനമായതോടെ അവർ പകച്ചുനിന്നു. എന്തുചെയ്യണമെന്നറിയാതെ.  പക്ഷേ, ആരോരുമില്ലാതെ നിരാലംബരായ  അവർക്കിപ്പോൾ സുരക്ഷിതമായി തലചായ്ക്കാൻ ഇടമുണ്ട്. താങ്ങുണ്ട്. തണലുണ്ട്. എരിയുന്ന വയറിന്‌  സാമ്പാറും ചോറുമെല്ലാമുണ്ട്. തൃശൂർ കോർപറേഷൻ നേതൃത്വത്തിൽ അവരെ താൽക്കാലികമായി പുനരധിവസിപ്പിക്കയായിരുന്നു. സുമനസ്സുകളുടെ സഹകരണത്തോടെ ഭക്ഷണവും നൽകി.  മോഡൽ ബോയ്സ് സ്കൂളിലെ ക്ലാസ്‌ ‌മുറികളിൽ കഴിയുന്ന  അവരുടെ കണ്ണുകളിലിപ്പോൾ ആശങ്കയില്ല.
രോഗം പിടിപെട്ടും വ്രണങ്ങൾ പഴുത്തുമെല്ലാം അവശരായി തെരുവിൽ കഴിഞ്ഞിരുന്നവരാണിവർ. പലരും ഭിക്ഷാടനം നടത്തിയാണ് ജീവിച്ചിരുന്നത്.   കോവിഡ് സാഹചര്യത്തിൽ എല്ലാം നിലച്ചു. ഇതേത്തുടർന്നാണ്  കോർപറേഷൻ താൽക്കാലിക പുനരധിവാസം ഒരുക്കിയത്.  ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും സഹകരണവുമുണ്ടായി. 
 മൂന്നുനേരം ഭക്ഷണത്തിനൊപ്പം ഇവരെ ശുശ്രൂഷിക്കാനും സംവിധാനം  ഒരുക്കി  . കിടക്കാൻ പായയും തലയണയും നൽകി. ഒരു ക്ലാസിൽ പരമാവധി ആറുപേരെയാണ് താമസിപ്പിക്കുന്നത്. സ്ത്രീകൾക്ക് പ്രത്യേകം വിഭാഗമുണ്ട്. 
തൃശൂർ മോഡൽ ബോയ്സ് സ്കൂളിൽ സ്ത്രീകളടക്കം185 പേരെ താമസിപ്പിച്ചിട്ടുണ്ട്.  ആളുകൾ കൂടിയതോടെ ഗവ. മോഡൽ ഗേൾസ് സ്കൂളിലും 160 പേർക്ക് താമസമൊരുക്കി. കൂടുതൽ ആളുകൾ എത്തിയതോടെ  അയ്യന്തോൾ ഗവ. സ്കൂളിൽ സൗകര്യമൊരുക്കുകയാണ്.  
കോർപറേഷൻ നേതൃത്വത്തിൽ തെരുവിൽ കഴിയുന്നവരുടെ സർവേ നടത്തി. ഇവരുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ രജിസ്റ്ററാക്കിയിട്ടുണ്ട്.  വ്യാഴാഴ്ച തൃശൂർ   കോ–ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഭക്ഷണം സ്പോൺസർചെയ്തത്.  വെള്ളിയാഴ്ച കുട്ടനെല്ലൂർ സർവീസ് സഹകരണബാങ്ക് ഭക്ഷണം എത്തിക്കും. ഇത്തരത്തിൽ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് ഭക്ഷണവിതരണം. മേയർ അജിത ജയരാജൻ, ഡെപ്യൂട്ടി മേയർ റാഫി ജോസ്, ഡിപിസി അംഗം വർഗീസ് കണ്ടംകുളത്തി, ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ ജോൺ ഡാനിയേൽ തുടങ്ങിയവർ ക്യാമ്പുകൾ സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top