18 April Thursday

ജനവിധിയിൽ യുഡിഎഫ്‌ 
നേതാക്കൾക്കും
അറബിക്കടലിൽ ചാടാം: കാനം

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

തൃശൂർ തേക്കിൻകാട്ടിൽ വടക്കൻ മേഖലാ ജാഥാ സമാപനയോഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സംസാരിക്കുന്നു

തൃശൂർ
രാഹുൽ ഗാന്ധി കടലിലേക്ക്‌ ചാടിയതുപോലെ മെയ്‌ രണ്ടിലെ ജനവിധി വരുമ്പോൾ സംസ്ഥാനത്തെ മുഴുവൻ യുഡിഎഫ്‌ നേതാക്കൾക്കും അറബിക്കടലിലേക്ക്‌ ചാടാനുള്ള അവസരം കേരളത്തിലെ വോട്ടർമാർ ഒരുക്കുമെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എൽഡിഎഫ്‌ വടക്കൻ ജാഥയുടെ തൃശൂരിലെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാനം. 
എൽഡിഎഫ്‌ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ  മത്സരിച്ച്‌ ഓവർടൈം ജോലി ചെയ്യുകയാണ്‌ സംസ്ഥാനത്തെ പ്രതിപക്ഷം. കേന്ദ്രത്തിൽനിന്ന്‌ സംസ്ഥാനത്തിന്‌ ന്യായമായി ലഭിക്കേണ്ട പല ആനുകൂല്യങ്ങളും ലഭിക്കുന്നതിന്‌ ഇവർ എന്ത്‌ സമ്മർദമാണ്‌  ചെലുത്തുന്നത്‌. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെ വോട്ട്‌ ചോദിച്ചാണ്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം മത്സരിച്ചത്‌. എന്നാൽ, ഫലം പുറത്തു വന്നതോടെ ഇവർ പോയ വഴിക്ക്‌ പുല്ലുപോലും കാണാനില്ല. 2015നേക്കാൾ തിളക്കമാർന്ന വിജയമാണ്‌ എൽഡിഎഫ്‌ നേടിയത്‌. ഇത്‌ കാണാൻ സംസ്ഥാനത്തെ മുഖ്യധാരാ പത്രങ്ങൾക്ക്‌ കഴിഞ്ഞില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ പല കക്ഷികളും യുഡിഎഫ്‌ വിട്ടു. എൽഡിഎഫിന്റെ പിന്തുണ വർധിക്കുകയും ചെയ്‌തു. ജനവിധി   മനസ്സിലാക്കാതെ  പ്രതിപക്ഷം വീണ്ടും സർക്കാരിനെതിരെ അപവാദ പ്രചാരണം തുടരുകയാണ്‌. സമുദ്രങ്ങൾ വിദേശ ശക്തികൾക്കും കോർപറേറ്റുകൾക്കും തീറെഴുതാൻ നടപടിയെടുത്തത്‌ യുഡിഎഫ്‌ സർക്കാരിന്റെ കാലത്തായിരുന്നു. എന്നിട്ടാണ്‌ മത്സ്യത്തൊഴിലാളികൾക്കായി ഇവർ മുതലക്കണ്ണീർ ഒഴുക്കുന്നത്‌. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ  ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ്‌ മീറ്റ്‌ സംഘടിപ്പിച്ച്‌ നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചിരുന്നു. ഇതിന്റെയൊക്കെ സ്ഥിതി എന്തായിരുന്നു. എന്നാൽ, എൽഡിഎഫ്‌ സർക്കാർ എന്നും പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കൊപ്പമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top