19 April Friday

തെരഞ്ഞെടുപ്പുകാഹളമായി, 
ഇടതുപക്ഷ വിജയഭേരിയോടെ

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

തൃശൂർ

കേരളത്തിൽ തുടർഭരണം ഉറപ്പാക്കി എൽഡിഎഫ്‌  വടക്കൻ മേഖലാ വികസന  മുന്നേറ്റ ജാഥ സാംസ്‌കാരിക നഗരിയിൽ സമാപിച്ച നാളിൽത്തന്നെ  തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്റെ കാഹളം മുഴങ്ങിയത്‌   ഇടതുപക്ഷ വിജയഭേരിയുടെ അലയൊലിയായി മാറി.   ഏപ്രിൽ ആറിന്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കപ്പെട്ടതോടെ ഇനിയുള്ള 38 ദിവസങ്ങൾ തെരഞ്ഞെടുപ്പ്‌ കേളിയുടെ  ഘോഷത്തിനും   ഒരുക്കത്തിനുമുള്ള രാപ്പകലുകളാവും.
സുഗമമായ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ കലക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ ഇതിനകം   ആരംഭിച്ചിട്ടുണ്ട്‌.  
13  മണ്ഡലങ്ങളിലും റിട്ടേണിങ് ഓഫീസർമാരെ നിയമിച്ചു. നവംബർ 16ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ ജില്ലയിൽ 24,65,299 പേരാണ്. 11,85,718 പുരുഷൻമാരും 12,79,558 വനിതകളും 23 ട്രാൻസ്ജെൻഡറുകളും. അന്തിമ വോട്ടർപട്ടികയിൽ അർഹരായ മുഴുവൻ വോട്ടർമാരേയും ചേർക്കുന്നതിനുള്ള പ്രവർത്തനം തുടരുന്നു. 
ഇടതുമുന്നേറ്റത്തിന്‌‌ 
പാലമിട്ട്‌ തദ്ദേശ ഫലം
ഇടതു‌പക്ഷ ജനാധിപത്യ മുന്നണിയുടെ മുന്നേറ്റം ഉറപ്പിക്കുന്നതാണ്‌ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പ്‌ ഫലം ‌. 
തൃശൂർ കോർപറേഷനും ഏഴിൽ അഞ്ച്‌ നഗരസഭയും 86 ഗ്രാമപഞ്ചായത്തുകളിൽ 69–-ലും 16 ബ്ലോക്ക്‌ പഞ്ചായത്തുകളിൽ 13–-ലും 29 ജില്ലാ പഞ്ചായത്ത്‌ ഡിവിഷനുകളിൽ 24 ഡിവിഷനുകളിലും എൽഡിഎഫാണ്‌  ‌ വിജയിച്ചത്‌. 2016–-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 13ൽ 12 ലും ‌ എൽഡിഎഫായിരുന്നു.‌ 
തൃശൂർ, കുന്നംകുളം, ചേലക്കര, ഗുരുവായൂർ, മണലൂർ, നാട്ടിക, കയ്‌പമംഗലം, കൊടുങ്ങല്ലൂർ, ഒല്ലൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, പുതുക്കാട്‌ മണ്ഡലങ്ങൾ എൽഡിഎഫ്‌ നേടിയപ്പോൾ വടക്കാഞ്ചേരി   43 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ യുഡിഎഫിന്‌ ലഭിച്ചത്‌.
ഉറപ്പാക്കും കോവിഡ് 
പ്രതിരോധം 
പൂർണമായും കോവിഡ് പ്രതിരോധം ഉറപ്പാക്കിയാവും  ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിങ്‌ ബൂത്തുകൾ സജ്ജീകരിക്കുകയെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർകൂടിയായ  കലക്ടർ എസ് ഷാനവാസ്‌ പറഞ്ഞു. ഒരു പോളിങ്‌ ബൂത്തിൽ പരമാവധി ആയിരം പേർ മാത്രമാണ് വോട്ടു ചെയ്യുക.
ഓരോ ബൂത്തിലും ബ്രേക്ക് ദ ചെയിൻ കിറ്റ്, മാസ്‌ക് കോർണർ എന്നിവ സജ്ജമാക്കും. ഓരോ ബൂത്തിലും വോട്ടർമാർക്ക് നൽകുന്നതിന് ഡിസ്‌പോസിബിൾ കയ്യുറയും ഉണ്ടാകും. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം എല്ലാ പോളിങ്‌ ബൂത്തുകളും അണുവിമുക്തമാക്കും. തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ചശേഷമാകും വോട്ടർമാരെ ബൂത്തിലേക്ക് കയറ്റിവിടുക. 
പത്രിക നൽകാനും 
മുൻകരുതൽ
പത്രിക സമർപ്പണത്തിന് സ്ഥാനാർഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. പത്രിക സമർപ്പിക്കാനെത്തുമ്പോൾ രണ്ടു വാഹനങ്ങളിൽ കൂടുതൽ പാടില്ല. കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനായി റിട്ടേണിങ്‌ ഓഫീസർമാരുടെ മുറികളിൽ  സ്ഥല സൗകര്യം ഉണ്ടാവണം.  
സ്ഥാനാർഥിയും ഒപ്പമെത്തുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീൽഡ് എന്നിവ ധരിക്കണം. ജില്ലയിൽ 4700 ബാലറ്റ് യൂണിറ്റും 4700 കൺട്രോൾ യൂണിറ്റുകളും 5000 വി വി പാറ്റ് യന്ത്രങ്ങളും എത്തിച്ചു. 4639 ബാലറ്റ് യുണിറ്റ്, 4493 കണ്ട്രോൾ യൂണിറ്റ്, 4470 വിവി പാറ്റ് യന്ത്രങ്ങൾ എന്നിവ പരിശോധന പൂർത്തിയാക്കി. തെരഞ്ഞെടുപ്പ്  പരിശീലനപരിപാടി ഇരിങ്ങാലക്കുട സെന്റ് ജോസഫ് സ്കൂളിൽ തുടങ്ങി. നിയോജക മണ്ഡലങ്ങളിലെ ട്രെയിനർമാർക്കായി ലൈവ് സ്ട്രീമിങ്ങും നടത്തും.
ഉദ്യോഗസ്ഥർക്ക് 
വാക്സിൻ  
നിയമസഭാ തെരഞ്ഞെടുപ്പ് ജോലിക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്‌സിൻ വിതരണം തുടങ്ങി. 
സർക്കാർ വകുപ്പുകൾ, എയ്ഡഡ് കോളേജുകൾ, സ്‌കൂളുകൾ, സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് പ്രതിരോധ മരുന്ന് നൽകുക. സന്ദേശം ലഭിക്കുന്നതനുസരിച്ച് ജീവനക്കാർ നിശ്ചിത കേന്ദ്രങ്ങളിലെത്തി വാക്സിൻ സ്വീകരിക്കണമെന്നും കലക്ടർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top