മണ്ണുത്തി
വയോജനക്ഷേമ രംഗത്തെ മികച്ച മാതൃകകൾക്കുള്ള 2023 ലെ വയോസേവന പുരസ്‌കാരം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന് . സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബർ ഒന്നിന് വയോജന ദിനത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. 2021 മുതൽ വയോജനങ്ങൾക്കായി നടപ്പാക്കിവരുന്ന ജീവിതശൈലീ രോഗനിർണയ ക്യാമ്പുകളാണ് സംസ്ഥാനതലത്തിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നാല് പഞ്ചായത്തുകളിലായി മാസം 22 ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാമ്പിന് ചുക്കാൻ പിടിക്കുന്നത്. ബ്ലോക്ക് - ഗ്രാമപഞ്ചായത്തുകളുടെ സംയുക്ത വിഹിതമായ 40 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. പ്രതിമാസം രണ്ടായിരത്തിൽപ്പരം വയോജനങ്ങൾ പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. ഇതിൽ സ്ത്രീകളുടേയും പുരുഷന്മാരുടേയും പങ്കാളിത്തം ഒരേപോലെ ഉറപ്പുവരുത്താനും ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചു. വയോജനങ്ങൾക്കു മാത്രമായി ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഡേ കെയർ, മാനസിക സമ്മർദം ഒഴിവാക്കുന്നതിന് ആവശ്യമായ കൗൺസലിങ്ങുകൾ, 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി സ്മൃതി പദ്ധതി തുടങ്ങിയവയെല്ലാം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനങ്ങളാണ്. ജീവിതശൈലീ രോഗനിർണയത്തിനായി ഈ വർഷം മൊബൈൽ ലാബ്കൂടി പ്രാവർത്തികമാക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..