19 April Friday
ഗവ. മെഡിക്കൽ കോളേജ് ആശുപത്രി

ശസ്‌ത്രക്രിയാ ബ്ലോക്കുകളിലെ ജലവിതരണം ഇനി ആർഒ നിലവാരത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

മുളങ്കുന്നത്തുകാവ്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പുതുതായി സ്ഥാപിച്ച റിവേഴ്‌സ്‌ ഓസ്‌മോസിസ്‌ വാട്ടർ പ്ലാന്റ്

 
തൃശൂർ
മുളങ്കുന്നത്തുകാവ്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ മുഴുവൻ ശസ്‌ത്രക്രിയാ ബ്ലോക്കുകളിലും ഇനിമുതൽ ഏറ്റവും ഗുണനിലവാരമുള്ള വെള്ളം ഉപയോഗിക്കുന്ന സംവിധാനത്തിന്‌ തുടക്കമായി. ഓപ്പറേഷൻ തിയറ്ററുകൾ, തീവ്ര പരിചരണ യൂണിറ്റുകൾ എന്നീ സജ്ജീകരണങ്ങളിൽ ശുദ്ധീകരിച്ച ജലം ഉറപ്പുവരുത്തണമെന്ന ആശുപത്രി ഇൻഫെക്ഷൻ നിയന്ത്രണ കമ്മിറ്റി നിർദേശമനുസരിച്ചാണ് സർക്കാർ ധനസഹായം ഉപയോഗിച്ച്‌ പുതിയ റിവേഴ്‌സ്‌ ഓസ്‌മോസിസ്‌ പ്ലാന്റ് സ്ഥാപിച്ചത്. 
തൃശൂർ, പാലക്കാട്‌, മലപ്പുറം തുടങ്ങിയ ജില്ലകളിലെ രോഗികൾക്ക്‌  ആശ്വാസമേകുന്ന  നടപടി സർക്കാർ ആശുപത്രിയിലെ വികസന പ്രവർത്തനങ്ങളുടെ  തുടർച്ചയാണ്‌. 
ഓരോ മണിക്കൂറിലും 2000 ലിറ്റർ വെള്ളം  ശുദ്ധീകരിക്കാൻ ശേഷിയുള്ളതാണ്‌ പ്ലാന്റ്. 28 ഓപ്പറേഷൻ തിയറ്ററുകൾ, കാർഡിയാക് കാത്ത്‌ ലാബ്, ലേബർ റൂം, നവജാത ശിശുരോഗ വിഭാഗം, മറ്റ് തീവ്ര പരിചരണ യൂണിറ്റുകൾ എന്നിവിടങ്ങളിൽ ഇനി ഈ ജലമാണ് ലഭ്യമാകുക. 
പുതിയ ശുദ്ധീകരണ പ്ലാന്റ്‌ സ്ഥാപിച്ച്‌ ഉദ്‌ഘാടനത്തിന്‌ കാത്തുനിൽക്കാതെതന്നെ  പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങി. 
ഏറ്റവും വേഗത്തിൽ ശുദ്ധജലം ആശുപത്രിയിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ്‌ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചത്‌.  നവീകരണ പ്രവർത്തനങ്ങൾ ആശുപത്രിയിൽ തുടരുന്നതിനൊപ്പം, ആശുപത്രി  സംബന്ധമായ അണുബാധ ലഘൂകരിക്കുന്നതിനുള്ള ഏറ്റവും മികച്ച ഇടപെടലാണ് ഇത് വഴി സാധ്യമായത്‌. 10 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പ്ലാന്റ് സ്ഥാപിച്ചത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top