29 March Friday

പ്രവർത്തനങ്ങൾ ജൂൺ 5 വരെ ‘പുഴകളൊഴുകട്ടെ’: ജലപ്രയാണത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020
തൃശൂർ
മണലി, കുറുമാലി, കരുവന്നൂർ പുഴകളിൽ അടിഞ്ഞുകൂടിയ ചെളിയും മരങ്ങളും നീക്കംചെയ്ത് നീരൊഴുക്ക്   പുനഃസ്ഥാപിക്കാൻ ‘ജലപ്രയാണം' പദ്ധതിക്ക്‌ തുടക്കം. ജില്ലാ പഞ്ചായത്ത് ഒരുകോടി രൂപ ചെലവഴിച്ച് ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. നീർച്ചാലുകളുടെ വീണ്ടെടുപ്പ്, പുഴകളുടെ ശുചീകരണം, കൈയേറ്റം ഒഴിപ്പിക്കൽ, തോടുകളുടെ പുനരുജ്ജീവനം, സ്വാഭാവിക ജലപ്രവാഹം സുഗമമാക്കൽ എന്നീ പ്രവർത്തനങ്ങളാണ് നടത്തുക. 
ജലസ്രോതസ്സുകളുടെ സംഭരണശേഷി വർധിപ്പിക്കലും മഴവെള്ള ശേഖരണ സംവിധാനങ്ങളുടെ ശുചീകരണവും ഇതോടൊപ്പം നടത്തും. ‘ഒരു കൈക്കുമ്പിൾ നമുക്കും, വരും തലമുറയ്ക്കും' എന്നതാണ് ജല പ്രയാണം' ലക്ഷ്യം വയ്‌ക്കുന്നത്. ജൂൺ അഞ്ച് വരെയാണ്  പ്രവർത്തനങ്ങൾ നടത്തുക. 
പുഴകൾ ഒഴുകുന്ന 24 പഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭയുമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. പുഴകളിലെ മണ്ണ് നീക്കാൻ പ്രത്യേക നടപടിക്രമം പുറപ്പെടുവിക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വിവിധ വികസന വകുപ്പുകളും ഏജൻസികളും സന്നദ്ധ സംഘടനകളും സന്നദ്ധ പ്രവർത്തകരും പദ്ധതിയുടെ ഭാഗമാകും. വിവിധ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടും പ്രയോജനപ്പെടുത്തും. ഒരാഴ്‌ചക്കകം പുഴകളിലെ തടസ്സങ്ങൾ നീക്കും. 
ഇതിനാവശ്യമായ യന്ത്രസാമഗ്രികൾ ജില്ലാതലത്തിൽ ഒരുക്കും. ബാർജ്, മണ്ണുമാന്തി, ടിപ്പർ എന്നിവ പ്രയോജനപ്പെടുത്തി പുഴയിൽ അടിഞ്ഞുകൂടിയ മരങ്ങളും മറ്റവശിഷ്ടങ്ങളും നീക്കും.
‘ജലപ്രയാണം' പദ്ധതി മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനംചെയ്തു. ജലപ്രയാണം മാതൃകാ പദ്ധതിയായി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കൂട്ടായ പ്രവർത്തനത്തിലൂടെ രണ്ടാഴ്ച കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു..    
കോൺഫറൻസിൽ ചീഫ്‌വിപ്‌ അഡ്വ. കെ  രാജൻ, ഗീത ഗോപി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മേരി തോമസ്, വൈസ്‌പ്രസിഡന്റ്‌ എൻ കെ ഉദയപ്രകാശ്‌, സ്ഥിരംസമിതി അധ്യക്ഷൻ കെ ജെ  ഡിക്സൻ, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൻ നിമ്യ ഷിജു, കലക്ടർ എസ് ഷാനവാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ജി തിലകൻ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി ഡി സിന്ധു, ജില്ലാ പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top