18 April Thursday

രാഷ്ട്രപതിയുടെ പൊലീസ് മെഡൽ തിളക്കത്തിൽ ജില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

ആമോസ് മാമൻ, പി ആർ രാജേന്ദ്രൻ, അപർണ്ണ ലവകുമാർ, ബെന്നി മാത്യു

തൃശൂർ

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചതിൽ ജില്ലയിലെ മൂന്നു പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ മെഡൽതിളക്കം. വിശിഷ്ട സേവാ മെഡലിന് സ്‌പെഷ്യൽ ബ്രാഞ്ച് തൃശൂർ സൂപ്രണ്ട് ആമോസ് മാമനും  രാമവർമപുരം പൊലീസ് അക്കാദമിയിലെ സബ് ഇൻസ്‌പെക്ടർ പി ആർ രാജേന്ദ്രൻ, തൃശൂർ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ അസി.  സബ് ഇൻസ്‌പെക്ടർ അപർണ ലവകുമാർ എന്നിവർ സ്തുത്യർഹ സേവനത്തിനുള്ള മെഡലിനും അർഹരായി. 
സർവീസ് കാലയളവിലെ മികച്ച സേവനങ്ങൾ കണക്കിലെടുത്താണ് തൃശൂർ സ്‌പെഷ്യൽ ബ്രാഞ്ച് സൂപ്രണ്ട് ആമോസ് മാമനെ വിശിഷ്ട സേവാ മെഡലിന് അർഹനാക്കിയത്. രണ്ടാം തവണയാണ് ആമോസ് മാമൻ രാഷ്ട്രപതിയുടെ മെഡൽ നേടുന്നത്. 2014ൽ സ്തുത്യർഹ സേവനത്തിനുള്ള മെഡലും കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ 2001ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടി.  2021ൽ ഐപിഎസ് ലഭിച്ച ഇദ്ദേഹം കഴിഞ്ഞ ആഗസ്‌തിലാണ് സ്‌പെഷ്യൽ ബ്രാഞ്ച് സൂപ്രണ്ടായി തൃശൂരിൽ ചുമതലയേറ്റത്. ഇടുക്കി മേലൂകാവ് സ്വദേശിയായ ഇദ്ദേഹം എറണാകുളം വൈറ്റിലയിലാണ് താമസം. പി ആർ രാജേന്ദ്രന്‌ 2013ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്‌. പരിശീലന മികവിന് രണ്ടാഴ്ച മുമ്പ്‌ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡലും രാജേന്ദ്രനെത്തേടി എത്തിയിരുന്നു. കരുമത്ര സ്വദേശിയായ രാജേന്ദ്രന്റെ ഭാര്യ ബേബി പൊലീസ് അക്കാദമിയിലെ എഎസ്‌ഐയാണ്. ആമ്പല്ലൂർ സ്വദേശിയായ അപർണ ലവകുമാർ വ്യത്യസ്തമായ സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധനേടിയ വ്യക്തിത്വമാണ്‌. ചികിത്സയിലിരിക്കെ മരണപ്പെട്ടയാളുടെ മൃതദേഹം വിട്ടുകിട്ടാൻ പണമില്ലാതെ വിഷമിച്ച കുടുംബാംഗങ്ങൾക്ക് തന്റെ സ്വർണവള ഊരിക്കൊടുത്തും, 2016, 2019 വർഷങ്ങളിൽ ക്യാൻസർ രോഗികൾക്ക് സ്വന്തം മുടി ദാനം ചെയ്‌തും  ശ്രദ്ധനേടി. കോവിഡ് കാലത്ത് തൃശൂർ സിറ്റി വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ബുള്ളറ്റ് പട്രോളിങ്‌ സംഘത്തിലും അപർണയുടെ സാന്നിധ്യം ഉണ്ടായിരുന്നു. രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള ഫയർ സർവീസ് മെഡലിന് കുന്നംകുളം ഫയർ ആൻഡ്‌ റെസ്‌ക്യൂ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ്‌ റെസ്‌ക്യൂ ഓഫീസർ ബെന്നി മാത്യുവും അർഹനായി. തൃശൂർ പനമുക്ക് നീലങ്കാവിൽ മാത്യുവിന്റെയും ഫിലോമിനയുടെയും  മകനാണ്. നിമ്മി ആന്റോയാണ് ഭാര്യ. അലക്സ് ലാൽ, ബെനിക്സ് ലാൽ എന്നിവർ മക്കളാണ്. 2011 ൽ വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലും  2017 ൽ രാഷ്ട്രപതിയുടെ വിശിഷ്ട മെഡലും  ബെന്നി മാത്യുവിന് ലഭിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top