24 April Wednesday

കോട്ടാറ്റ് പാടശേഖരത്തിൽ കര്‍ഷകരുടെ ഉറക്കം കെടുത്തി നീലക്കോഴികള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

കോട്ടാറ്റ് പാടശേഖരം

ചാലക്കുടി

നെൽചെടികൾ കതിരിടാൻ തുടങ്ങിയതോടെ നീലക്കോഴികൾ കർഷകരുടെ ഉറക്കം കെടുത്തുന്നു. കോട്ടാറ്റ് പാടശേഖരത്തിലെ കർഷകരാണ് നീലക്കൊഴി ഭീഷണിയിൽ വലയുന്നത്. കതിരുകളിലെ നീര് കുടിക്കാനായി കൂട്ടത്തോടെയാണ് നീലക്കോഴികൾ പാടശേഖരത്തിലെത്തുക. ഞാറ് നടുന്ന സമയത്തും കനത്ത വെല്ലുവിളികളാണ് നീലക്കോഴികളുയർത്തിയത്. ഞാറ് നട്ടാൽ അത് പിഴുതെടുത്ത് നീര് കുടിക്കാൻ ഇവയെത്തിയിരുന്നു. മൂന്നും നാലും തവണ ഞാറ് നടേണ്ടി വന്ന നിരവധി കർഷകരും ഇവിടെയുണ്ട്. വല കെട്ടിയും നീലക്കോഴികളെ ഓടിച്ചുവിടാൻ തൊഴിലാളികളെ നിർത്തിയുമാണ് കർഷകർ പ്രതിരോധിച്ചത്. കതിരുടുന്ന സമയത്താണ് ഇനി നീലക്കോഴികളുടെ ശല്യമുണ്ടാവുക. അടുത്താഴ്ചയോടെ പല കൃഷിയിടത്തും കതിരിട്ടുതുടങ്ങും. കതിരിടുന്ന സമയമായതോടെ കടമെടുത്ത് കൃഷിയിറക്കിയ കർഷകരുടെ നെഞ്ചിൽ തീയാണ്. നീലക്കോഴികളുടെ പ്രജനനകാലം ആരംഭിച്ചതോടെ നെൽചെടികൾ വളച്ചെടുത്ത് കൂടുണ്ടാക്കാനും ഇവയെത്തും. പകൽ സമയങ്ങളിൽ തൊഴിലാളികളെ നിർത്തി ഒരു പരിധിവരെ ഇവയെ വിരട്ടിയോടിക്കാമെങ്കിലും സന്ധ്യാസമയങ്ങളിൽ ഇവയെ നിയന്ത്രിക്കാനാകാത്തതാണ് കർഷകർക്ക് ദുരിതമാകുന്നത്. നീലക്കോഴികളുടെ ആക്രമണം ഒഴിവാക്കാനായി പാടശേഖരങ്ങൾക്ക് ചുറ്റിലും കർഷകർ വല കെട്ടിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇവ വല മറികടന്നാണ് പാടശേഖരത്തിലെത്തുന്നത്.  
നൂറ്റിയമ്പതിൽപരം ഏക്കർ സ്ഥലത്ത് അറുപതോളം കർഷകരാണ്  കൃഷിയിറക്കിയിട്ടുള്ളത്. ചാലക്കുടിയിലെ പ്രധാന പാടശേഖരമാണ് കോട്ടാറ്റ് പാടശേഖരം. കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കാലങ്ങളായി നല്ല രീതിയിലാണ് ഇവിടെ കൃഷിചെയ്ത് വരുന്നത്.  
പാടശേഖരത്ത് നിന്നും ഓട്ടുകമ്പനികൾക്കായി കളിമണ്ണെടുത്ത വലിയ കുഴികളാണ് നീലക്കോഴികളുടെ താവളം.  കോഴികളുടെ ശല്യത്തെ തുടർന്ന് നിരവധി കർഷകർ കൃഷിയിൽനിന്നും പിന്മാറിയിട്ടുമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top