കുന്നംകുളം
പ്രതിഭകൾ ഇല്ലാത്തതുകൊണ്ടല്ല അവർക്ക് വളരാനാവശ്യമായ ഭൗതിക സാഹചര്യം ഒരുക്കാൻ കഴിയാത്തതിനാലാണ് ജനസംഖ്യയിൽ ഒന്നാമത് എത്തിയിട്ടും ലോക കായിക ഭൂപടത്തിൽ ഇന്ത്യ പിറകിൽ നിൽക്കുന്നതെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കായിക വിദ്യാർഥികൾക്ക് നല്ല ഭക്ഷണവും പരിശീലനവും നൽകാൻ കഴിയാതിരുന്നത് ഇതിന്റെ ഭാഗമാണ്. എന്നാൽ, കേരളത്തിൽ ഇന്നതിന് വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. കായികരംഗത്തെ അടിസ്ഥാന വികസനത്തിൽ ആ മാറ്റം പ്രകടമാണ് എന്നും മന്ത്രി പറഞ്ഞു. എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷനായി.
ഭാരവാഹികൾ: സംഘാടക സമിതി ചെയർമാനായി എ സി മൊയ്തീൻ എംഎൽഎ(ചെയർമാൻ), പ്രസിഡന്റായി പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് (പ്രസിഡന്റ്), ജനറൽ കൺവീനറായി അക്കാദമിക് എഡിപിഐ എം കെ ഷൈൻമോൻ(ജനറൽ കൺവീനർ). 17 സബ് കമ്മിറ്റിക്ക് യോഗം രൂപം നൽകി.
ഇ ടി ടൈസൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, തൃശൂർ ഡിഡി ഇ ഡി ഷാജിമോൻ പഞ്ചായത്ത് പ്രസിഡന്റുമാർ, വാർഡ് കൗൺസിലർ ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കായിക വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.
20 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തൃശൂർ ജില്ലയിൽ മേള എത്തുന്നത്. ഒക്ടോബർ 16 മുതൽ 20 വരെ കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ നടക്കുന്ന കായികോത്സവത്തിൽ 98 ഇനങ്ങളിലായി സബ് ജൂനിയർ, ജൂനിയർ, സീനിയർ (ആൺ/പെൺ) വിഭാഗങ്ങളിലായി 3000ത്തോളം കായികതാരങ്ങളും, 350 ഓഫീഷ്യൽസും 200 എസ്കോർട്ടിങ് ഒഫീഷ്യൽസും പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..