തൃശൂർ
സഹകരണ മേഖലയുടെ കണ്ണിലെ കരടായി കോൺഗ്രസ് ഭരണത്തിലുള്ള സഹകരണ സംഘങ്ങൾ. ഇഡിയുടെ രാഷ്‌ട്രീയ പ്രേരിത പരിശോധനകൾ അങ്ങിങ്ങായി നടക്കുന്നതിനിടെ, മറു ഭാഗത്ത് കോൺഗ്രസ് ഭരണത്തിൻ കീഴിലുള്ള സഹകരണ സംഘങ്ങളിലെ അഴിമതികൾ ഒന്നൊന്നായി പുറത്തുവരുന്നു.
ഏറ്റവും ഒടുവിൽ കോൺഗ്രസ് നേതാവ് സനോജ് കാട്ടൂക്കാരൻ പ്രസിഡന്റായ ഒല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേട് സംബന്ധിച്ച ജോയിന്റ് ഡയറക്ടറുടെ പ്രത്യേക ഓഡിറ്റ് റിപ്പോർട്ടിനെത്തുടർന്ന് നടത്തിയ 65 അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സഹകരണ സീനിയർ ഇൻസ്‌പെക്ടർ ഒ എസ് ജീന നടത്തിയ അന്വേഷണത്തിൽ ബാങ്കിലെ വൻ അഴിമതികളെക്കുറിച്ച് വ്യക്തമായി. ഇതേത്തുടർന്ന് 68 (1) പ്രകാരം അന്വേഷണം നടത്തി ബാങ്കിന് വന്നിട്ടുള്ള കോടികളുടെ നഷ്ടം ഭരണസമിതി അംഗങ്ങളിൽനിന്ന് ഈടാക്കാനുള്ള സർച്ചാർജ് അന്വേഷണത്തിനും നാലു ദിവസം മുമ്പ് സഹകരണവകുപ്പ് ഉത്തരവായി.
2021–-22 വർഷത്തെ ബാങ്കിന്റെ നഷ്ടം 47.95 കോടി രൂപയാണ്. ഇതേ ത്തുടർന്നാണ് ജില്ലാ സഹകരണ ജോയിന്റ് രജിസ്‌ട്രാറുടെ പരിശോധനയിലും 65 അന്വേഷണത്തിലും ബാങ്കിന്റെ പ്രവർത്തനത്തിൽ ഗുരുതര വീഴ്‌ച കണ്ടെത്തിയത്. തുടർന്നാണ് 68 (1) വകുപ്പ് പ്രകാരമുള്ള അന്വേഷണം നടത്തുന്നത്.
സഹകരണ നിയമത്തിന് വിരുദ്ധമായി കോടിക്കണക്കിന് രൂപ ബാങ്ക് വായ്‌പ നൽകിയതായി കണ്ടെത്തി. വായ്‌പ കുടിശ്ശിക വരുത്തിയ വൻ തുകകൾ സഹകരണ വകുപ്പിന്റെയോ രജിസ്‌ട്രാറുടെയോ അനുമതിയില്ലാതെ ബാങ്ക് ഭരണാധികാരികൾ നിരവധിപേർക്ക് ഒഴിവാക്കി നൽകിയിട്ടുണ്ട്. സ്വർണപ്പണ്ട ലേലത്തിലും ഭീമമായ സംഖ്യ ചിലർക്ക് വിട്ടുവീഴ്‌ച ചെയ്‌തു നൽകി. മന്ത്‌ലി ഡിപ്പോസിറ്റ് സ്‌കീമിലെ ക്രമക്കേട്‌വഴി 2019–-20ൽ 5.21 കോടി രൂപയുടെ നഷ്ടമാണ് ബാങ്കിന് സംഭവിച്ചത്. ഇതു കൂടാതെ, നിർമാണത്തിലും ആസ്‌തികൾ സമ്പാദിച്ചതും മറ്റുമായുള്ള ക്രമക്കേടുകളും നടന്നിട്ടുണ്ട്.
കോൺഗ്രസിന്റെ ഒല്ലൂർ മണ്ഡലം പ്രസിഡന്റുകൂടിയായിരുന്ന ബാങ്ക് പ്രസിഡന്റ് സനോജ് നിലവിൽ കോർപറേഷൻ ഒല്ലൂർ ഡിവിഷൻ കൗൺസിലർകൂടിയാണ്. സനോജിന്റെ ഭരണസമിതി കാലത്തുമാത്രം 42 കോടി രൂപയാണ് ബാങ്കിന്റെ നഷ്ടം. അഴിമതി കണ്ടെത്തിയതിനെത്തുടർന്ന് അതെല്ലാം മറച്ചുവയ്‌ക്കുന്നതിനായി, നിലവിലെ ഭരണസമിതിതന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ നീക്കം നടത്തുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..