18 December Thursday
വന്യമൃഗശല്യം തടയാന്‍

പീച്ചി മേഖലയില്‍ സോളാര്‍ തൂക്കുവേലി നിര്‍മാണം പൂര്‍ത്തിയായി: മന്ത്രി എ കെ ശശീന്ദ്രന്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023
തൃശൂർ
പീച്ചി വന്യമൃഗ സങ്കേതത്തിൽനിന്ന് വാഴാനി, മച്ചാട് ഭാഗത്തേക്ക് ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ 1.6 കിലോമീറ്റർ ദൂരമുള്ള തൂക്കുവേലിയുടെ നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രൻ. 14.5 ലക്ഷം രൂപ ചെലവിലാണ് ഹാഗിങ്‌ സോളാർ ഫെൻസിങ്‌ സ്ഥാപിച്ചത്. പുത്തൂർ സുവോളജിക്കൽ പാർക്കിൽ നടക്കുന്ന വന്യജീവി വാരാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചേർന്ന ആലോചനാ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.   മന്ത്രി കെ രാജൻ അധ്യക്ഷനായി. 
അടുത്തമാസത്തോടെ ചാലക്കുടി, വാഴച്ചാൽ, അതിരപ്പിള്ളി മേഖലയിൽ 108 കിലോമീറ്റർ നീളത്തിൽ സോളാർ തൂക്കുവേലി നിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി  പറഞ്ഞു. 1344.69 ലക്ഷം രൂപയാണ്‌ ചെലവ്.  നബാർഡിന്റെ സഹായത്തോടെ വടക്കാഞ്ചേരിയിൽ 120 ലക്ഷം രൂപ ചെലവിൽ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസ് കം സ്റ്റാഫ് ക്വാർട്ടേഴ്‌സും പറവട്ടാനിയിൽ 1162.72 ലക്ഷം രൂപ ചെലവിൽ ഫോറസ്റ്റ് കോംപ്ലക്‌സിന്റെ നിർമാണവും ഉടൻ ആരംഭിക്കും. ഇത്തവണ സംസ്ഥാന വന്യജീവി വാരാഘോഷത്തിന്‌ പുത്തൂർ സുവോളജിക്കൽ പാർക്ക് വേദിയാകും. ദേശീയ പക്ഷിയായ മയിലിനെ സുവോളജിക്കൽ പാർക്കിൽ എത്തിച്ചായാരിക്കും വാരാഘോഷ പരിപാടികൾക്ക് തുടക്കമാവുക. തൃശൂരിൽ നിന്നെത്തിക്കുന്ന മയിലിനെ  മന്ത്രി ജെ ചിഞ്ചുറാണിയിൽനിന്ന്   മന്ത്രി കെ രാജൻ ഏറ്റുവാങ്ങും. കെഎസ്ഇബി സബ്‌സ്റ്റേഷൻ   മന്ത്രി കെ കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും. വാരാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനത്തോടെ പുത്തൂർ സുവോളജിക്കൽ പാർക്ക് നിർമാണ പൂർത്തീകരണത്തിനുള്ള  കൗണ്ട്ഡൗൺ ആരംഭിക്കും. മൃശാലയിൽനിന്ന്‌ മൃഗങ്ങളെ മാറ്റുന്ന പ്രവൃത്തി ആറു മാസത്തിനകം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഒക്ടോബർ ആറിന് ദേശീയ സെമിനാർ പീച്ചിയിൽ നടത്തും. തൃശൂർ രാമനിലയത്തിൽ ചേർന്ന ആലോചനാ യോഗത്തിൽ സുവോളജിക്കൽ പാർക്ക് സ്‌പെഷ്യൽ ഓഫീസർ കെ ജെ വർഗീസ്, ഡയറക്ടർ ആർ കീർത്തി, സിസിഎഫ് കെ ആർ അനൂപ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top