ഗുരുവായൂർ
ഗുരുവായൂരിലെ മൾട്ടി ലെവൽ കാർ പാർക്കിങ് കോംപ്ലക്സിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചയാളേയും സഹായിയേയും പൊലീസ് പിടികൂടി. തൃശൂർ ചേർപ്പ് പെരുമ്പള്ളിശ്ശേരി വട്ടപറമ്പിൽ വിഷ്ണു രവി(26), ആലുവയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി സദിരുൾ ഇസ്ലാം (20) എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഐ എസ് ബാലചന്ദ്രൻ അറസ്റ്റ് ചെയ്തത്. സെപ്തംബർ 22ന് ഗുരുവായൂർ കിഴക്കേ നടയിലുള്ള ദേവസ്വം മൾട്ടി ലെവൽ കാർ പാർക്കിങ് കോംപ്ലക്സിൽ പാലക്കാട് മുതലമട സ്വദേശി പാർക്ക് ചെയ്തിരുന്ന ക്രൂയിസർ വാഹനത്തിൽനിന്ന് വിലകൂടിയ അഞ്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. വിഷ്ണുവാണ് ഫോൺ മോഷ്ടിച്ചത്. തുടർന്ന് ഇതരസംസ്ഥാന തൊഴിലാളിയായ സദിരുൾ ഇസ്ലാമിന്റെ സഹായത്തോടെ വിൽപ്പന നടത്തി. ഫോണുകളിൽ ഒരെണ്ണം ഇതര സംസ്ഥാന തൊഴിലാളിയായ സദിരുൾ ഇസ്ലാമിന്റെ കൈയിൽനിന്ന് ഗുരുവായൂർ ടെമ്പിൾ പൊലീസ് കണ്ടെടുത്തതോടെയാണ് കളവിനെ സംബന്ധിച്ച് കൂടുതൽ വിവരം ലഭിച്ചത്. തുടർന്ന് വിഷ്ണുവിനെക്കൂടി അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്ഐ മാരായ കെ ആർ റെമിൻ, കെ ഗിരി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി കെ രാജേഷ്, പി എ അഭിലാഷ്, ആർ ഗോപകുമാർ, സിവിൽ പൊലീസ് ഓഫീസർ സി എസ് സജീഷ് എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..