29 March Friday
ഒരു ലക്ഷത്തിലേറെ വാർഷിക വരിക്കാരെ ചേർക്കും

ദേശാഭിമാനി പത്ര ക്യാമ്പയിന്‌ മികച്ച തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022
 
തൃശൂർ
തൊഴിലാളി വർഗത്തിന്റെ വഴികാട്ടിയും പോരാട്ടങ്ങളുടെ വെളിച്ചവുമായ ദേശാഭിമാനി പത്രത്തിന്റെ പ്രചാരം വൻ തോതിൽ വർധിപ്പിക്കാൻ സിപിഐ എം നേതൃത്വത്തിലുള്ള  ഊർജിത ക്യാമ്പയിൻ പ്രവർത്തനത്തിന്‌ തുടക്കമായി.   23ന്‌ അഴീക്കോടൻ ദിനത്തിൽ ആരംഭിച്ച പ്രചാരണപ്രവർത്തനം, സി എച്ച് കണാരൻ ദിനമായ ഒക്ടോർ 20വരെ   നടത്താൻ   ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഒരു ലക്ഷത്തിലേറെ വാർഷിക വരിക്കാരെ ചേർക്കുകയാണ്‌ ലക്ഷ്യം. 
ജനകീയ പത്രപ്രവർത്തനത്തിന്റെ ഉത്തമമാതൃകയായ ദേശാഭിമാനിയുടെ സ്വീകാര്യത വൻതോതിൽ വർധിച്ച സാഹചര്യത്തിലാണ്‌ ക്യാമ്പയിൽ നടക്കുന്നത്‌. ജില്ലയിൽ സിപിഐ എമ്മിന്റെ  2601 ബ്രാഞ്ചുകൾ ഉള്ളതിൽ ഓരോ ബ്രാഞ്ചും 50 വാർഷിക വരിക്കാരെ ചേർക്കാനാണ് ലക്ഷ്യം. ജില്ലയിലെ 48,000 പാർടി അംഗങ്ങളും അനുഭാവികളും അഭ്യുദയകാംഷികളും ദേശാഭിമാനി പ്രചാരണത്തിൽ പങ്കാളികളാകും. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഓഫീസുകളിലും ദേശാഭിമാനി വരിക്കാരെ ചേർക്കാൻ പ്രവർത്തകർ എത്തും.
 കേന്ദ്ര കമ്മിറ്റി അംഗം മന്ത്രി കെ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു, ജില്ലാ സെക്രട്ടറി എം എം വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേബിജോൺ, എ സി മൊയ്തീൻ എംഎൽഎ, എൻ ആർ ബാലൻ, എം കെ കണ്ണൻ, മന്ത്രി ആർ ബിന്ദു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ്‌, മുരളി പെരുനെല്ലി എംഎൽഎ, കെ വി അബ്ദുൾഖാദർ, പി കെ ഡേവിസ്‌, കെ കെ രാമചന്ദ്രൻ എംഎൽഎ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, പി കെ ഷാജൻ, പി കെ ചന്ദ്രശേഖരൻ, ടി കെ വാസു, കെ വി നഫീസ എന്നിവർ ക്യാമ്പയിനിൽ പങ്കാളികളാകും. ജില്ല–- ഏരിയ–- ലോക്കൽ കമ്മിറ്റി അംഗങ്ങൾ ക്യാമ്പയിന് നേതൃത്വം നൽകും.
ദേശാഭിമാനിയുടെ സന്ദേശം നാടെങ്ങുമെത്താൻ വിവിധ തരത്തിലുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്‌. ജില്ലയിലെമ്പാടും ചുവരെഴുത്തുകൾ, അലങ്കാരങ്ങൾ, പോസ്റ്ററുകൾ, ബോർഡുകൾ തുടങ്ങിയവയും സ്ഥാപിച്ചിട്ടുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top