26 April Friday
അതിരപ്പിള്ളി ട്രൈബൽവാലി കാർഷിക പദ്ധതിക്ക് വ്യാപാരമുദ്ര

കടല്‍ കടക്കാൻ 
കാടിന്റെ മക്കളുടെ ഉൽപ്പന്നങ്ങൾ

സി എ പ്രേമചന്ദ്രൻUpdated: Thursday May 25, 2023

അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതിയുടെ ബ്രാന്റഡ്‌ ഉൽപ്പന്നങ്ങൾക്ക്‌ വ്യാപാരമുദ്രയുള്ള പാക്കിങ്

തൃശൂർ
അതിരപ്പിള്ളി വെള്ളച്ചാട്ടവും തുള്ളിച്ചാടുന്ന  മാനും. അതിരപ്പിള്ളി ട്രൈബൽവാലി കാർഷിക പദ്ധതി  ബ്രാന്റഡ്‌  ഉൽപ്പന്നങ്ങൾക്ക്‌ ഇനി സ്വന്തം വ്യാപാര മുദ്ര. ട്രേഡ് മാർക്ക് ലഭിച്ചതോടെ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക സംരക്ഷണം ലഭിക്കും. കാടിന്റെ മക്കൾ ഉൽപ്പാദിപ്പിക്കുന്ന കാപ്പിയും കുരുമുളകും ഉൾപ്പടെയുള്ള  വനവിഭവങ്ങൾ ഇനി  കടലും കടക്കും. ആദിവാസികളെ കബളിപ്പിച്ച്‌ ഉൽപ്പന്നങ്ങൾ  കൈക്കലാക്കി  കുത്തകകൾ സ്വന്തം ബ്രാന്‍ഡാക്കുന്നതും ഇതോടെ തടയാനാവും. ആദിവാസി സമൂഹത്തിന്റെ  ഉന്നമനത്തിനായി കൃഷി വകുപ്പാണ്‌  പ്രത്യേക പദ്ധതി  നടപ്പാക്കുന്നത്‌.  
പഞ്ചായത്തിലെ 14 കോളനികളിലെ കർഷരെയും ഉൾപ്പെടുത്തി ക്ലസ്റ്ററുകൾ രൂപീകരിച്ചാണ്‌ പദ്ധതി.  കർഷകർക്ക്‌ കൃഷിയിറക്കാനുള്ള സഹായങ്ങളും യന്ത്ര സാമഗ്രികളും ശാസ്‌ത്രീയ പരിശീലനങ്ങളും നൽകി.  ഉൽപ്പന്നങ്ങളുടെ സംഭരണവും സംസ്കരണവും ആരംഭിച്ചു.  ഈ ഉൽപ്പന്നങ്ങളാണ്‌  അതിരപ്പിള്ളി ട്രൈബൽ വാലി എന്ന ബ്രാൻഡാക്കി വിപണനം തുടങ്ങിയത്. തുടർന്നാണ്‌ അംഗീകൃത ഏജൻസിയിൽനിന്ന്‌ ട്രേഡ്‌ മാർക്ക് ലഭിച്ചത്‌. അന്താരാഷ്ട്ര തലത്തിലുള്ള റെയിൻ ഫോറസ്റ്റ് അലയൻസ് സാക്ഷ്യപത്രവും ലഭ്യമാക്കാനുള്ള ഓഡിറ്റിങ് പുരോഗമിക്കുകയാണ്‌.  പ്രകൃതിയെ നോവിക്കാതെ,   ബാലവേലയില്ലാതെ കൃഷി തുടങ്ങി മാനദണ്ഡങ്ങൾ പാലിച്ച്‌ ഗുണനിലവാരമുള്ള ഉൽപ്പന്നം ഇറക്കുന്നതിനാണ്‌   റെയിൻ ഫോറസ്റ്റ് അലയൻസ് സാക്ഷ്യപത്രം ലഭിക്കുക. സംസ്‌കരണത്തിനായി ഒരു കോടിയോളം ചെലവിട്ടുള്ള പ്ലാന്റ്‌ നിർമാണം പൂർത്തിയായി.  ട്രയൽ റൺ ആരംഭിച്ചതായി നോഡൽ ഓഫീസർ എസ്‌ എസ്‌  സാലുമോൻ പറഞ്ഞു.   നാളികേര വികസന കോർപറേഷൻ കൊച്ചി കേന്ദ്രത്തിലും ഓൺലൈനായും വിപണനം ആരംഭിച്ചു.  വിമാനത്താവളങ്ങളിൽ കിയോസ്‌കുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്‌. 
 ഊരുകളിൽ സ്ത്രീകൾക്ക് വരുമാനം ലഭിക്കുകയെന്ന ലക്ഷ്യത്തോടുകൂടി കാർഷിക നഴ്സറികളും ആരംഭിച്ചു. ഇവിടെ ശാസ്ത്രീയമായ രീതിയിൽ  രണ്ടുലക്ഷം നടീൽ വസ്‌തുക്കൾ  ഉല്‍പ്പാദിപ്പിച്ചു.  
മുൻ കൃഷി മന്ത്രി വി എസ്‌ സുനിൽകുമാർ, എംഎൽഎയായിരുന്ന ബി ഡി ദേവസി എന്നിവർ മുൻകൈയെടുത്താണ്‌ പദ്ധതി ആരംഭിച്ചത്‌. നിലവിലെ കൃഷി മന്ത്രി പി പ്രസാദും പദ്ധതിക്ക്‌ പിന്തുണ നൽകുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top