25 April Thursday

പ്രളയം തോൽക്കും, 
വൈറ്റ്‌ടോപ്‌ റോഡ്‌ തൃശൂരിലും

സ്വന്തം ലേഖകൻUpdated: Wednesday May 25, 2022

വൈറ്റ് ടോപ്പിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന കൂര്‍ക്കഞ്ചേരി കൊടുങ്ങല്ലൂര്‍ റോഡ്‌

തൃശൂർ 
പ്രളയം വന്നാലും  ഈ റോഡിനി തകരില്ല. റോഡ് സുരക്ഷയോടൊപ്പം പ്രകൃതിക്ഷോഭങ്ങളെയും അതിജീവിക്കാൻ കെൽപ്പുള്ള വൈറ്റ്‌ടോപ്പിങ്  സാങ്കേതിക വിദ്യയോടെ നിർമിക്കുന്ന  റോഡ്‌ ജില്ലയിലും  യാഥാർഥ്യമാവുന്നു.  സംസ്ഥാനപാതയിൽ  കൂർക്കഞ്ചേരിമുതൽ കൊടുങ്ങല്ലൂർ വരെ 34 കിലോമീറ്റർ റോഡാണ്‌  203 കോടി ചെലവിൽ  45 സെന്റിമീറ്റർ കനത്തിൽ കോൺക്രീറ്റ്‌ ചെയ്യുന്നത്‌. 30 വർഷത്തോളം ഈടുണ്ടാവും. നിരന്തരം റോഡ്‌ തകരുന്നതും വർഷാവർഷം അറ്റകുറ്റപ്പണി നടത്തുന്നതും ഒഴിവാക്കാനാണ്‌  എൽഡിഎഫ്‌ സർക്കാർ   റോഡ്‌ കോൺക്രീറ്റ്‌  ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നത്‌.   ചെലവേറിയതാണെങ്കിലും ഗുണനിലവാരം ഏറെയുള്ള ഈ റോഡുകൾ ദീർഘകാല അടിസ്ഥാനത്തിൽ  ഗുണകരമാണ്‌. റീബിൽഡ് കേരള ഇനീഷ്യേറ്റീവിലുൾപ്പെടുത്തി  കേരള സ്‌റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ  (കെഎസ്ടിപി) മേൽനോട്ടത്തിലാണ്‌ റോഡ്‌ നിർമാണം. രണ്ടു ഭാഗമായി ഏഴര മീറ്ററിലാണ്‌  റോഡ്‌  കോൺക്രീറ്റ് ചെയ്യുന്നത്‌. പാലയ്‌ക്കൽമുതൽ പെരുമ്പിള്ളിശേരിക്കു സമീപംവരെ മൂന്നുകിലോമീറ്ററിൽ റോഡിന്റെ പകുതിഭാഗമാണ്‌ ആദ്യം കോൺക്രീറ്റ്‌ പൂർത്തീകരിച്ചത്‌.  പഴയ ടാറിട്ട റോഡ്‌ പൂർണമായും പൊളിച്ചു നീക്കി ആദ്യം വൈറ്റ്‌മിക്‌സ്‌ വിരിച്ചു. അതിനുശേഷമാണ്‌  ആദ്യം 15 സെന്റിമീറ്ററും പിന്നീട്‌ 30 സെന്റിമീറ്ററും കനത്തിൽ കോൺക്രീറ്റ്‌ ചെയ്യുന്നത്‌.    റോഡിലെ  59  കൽവർട്ടുകളും പൊളിച്ച്‌ ബലപ്പെടുത്തും.  46 ബസ്‌ കാത്തിരിപ്പുകേന്ദ്രം നിർമിക്കും, 27 ജങ്ഷനുകൾ വികസിപ്പിക്കും.  ഏഴ്‌ ചെറിയ പാലങ്ങൾ പൊളിച്ചു പണിയും. കണിമംഗലത്ത്‌ പുതിയ പാലവും നിർമാണം തുടങ്ങി.  ഈ പാലം പൊളിച്ചതിനാൽ ഗതാഗതം തടസ്സപ്പെടാതിരിക്കാൻ സമാന്തര റോഡും നിർമിച്ചു.  പാലയ്‌ക്കൽമുതൽ പെരുമ്പിള്ളിശേരി വരെയുള്ള ഗതാഗതം  ഒരുഭാഗത്തേക്ക്‌ മാത്രമായി നിയന്ത്രിച്ചാണ്‌ നിർമാണം.  അപ്രതീക്ഷിതമായി മെയ്‌മാസത്തിൽ പെയ്‌ത കനത്ത മഴ നിർമാണത്തിന്‌ തടസ്സങ്ങളുണ്ടാക്കിയിട്ടുണ്ട്‌. ഡൽഹി കേന്ദ്രീകരിച്ചുള്ള ഗവർ–- അറ്റ്‌കോൺ സംയുക്‌ത സംരംഭമാണ്‌   നിർമാണ കരാർ എറ്റെടുത്തിരിക്കുന്നത്. 2021  ആഗസ്‌തിൽ നിർമാണോദ്ഘാടനം നടത്തിയ പദ്ധതി രണ്ടുവർഷംകൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top