24 April Wednesday

കാണാം നാടകം, ഈ പൈതൃക മതിലിലും

സി എ പ്രേമചന്ദ്രൻUpdated: Tuesday Jan 25, 2022

സംഗീത നാടക അക്കാദമി പൈതൃക മതിലിൽ നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി എന്ന നാടകരംഗം 
 മനോജ്‌ ബ്രഹ്മമംഗലം, രഞ്‌ജിത്‌ ലാൽ എന്നീ കലാകാരന്മാർ ഒരുക്കുന്നു

തൃശൂർ
അടുത്ത ബെല്ലോടുകൂടി റീജണൽ തിയറ്ററിൽ മാത്രമല്ല,  സംഗീത നാടക അക്കാദമിയുടെ  പൈതൃക മതിലിലും നാടകം കാണാം.  ചരിത്രം തിരുത്തിയ ‘അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്ക്‌’, ‘നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി’ എന്നീ നാടക രംഗങ്ങൾ ജനമനസ്സുകളിലേക്ക്‌ വീണ്ടും തീകോരിയിടുന്നു.  തൃശൂരിന്റെ പൂരച്ചന്തവും കുമ്മാട്ടിക്കളിയും കേരളത്തിന്റെ തനതുകലകളുമെല്ലാം  കരവിരുതിൽ ശിൽപ്പങ്ങളായി രൂപമെടുക്കുകയാണ്‌. അക്കാദമിയുടെ ചുറ്റുമതിലി  കലാചരിത്ര മതിലായും  മാറുകയാണ്‌.
സംഗീത നാടക അക്കാദമി ചെയർമാനായിരുന്ന  നടൻ മുരളി അഭിനയിച്ച ലങ്കാലക്ഷ്മിയും നെടുമുടി വേണു അഭിനയിച്ച അവനവൻ കടമ്പ എന്ന നാടകത്തിലെ രംഗവും  ഇറ്റ്‌ഫോക്കിലെ പ്രശസ്‌തമായ  ഇന്റർ നാഷണൽ നാടക രംഗങ്ങളും ചുമരിലൊരുങ്ങി. ‘നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി’യെന്ന നാടകത്തിന്റെ  അവസാനത്തിൽ   ചെങ്കൊടി ഉയർത്തുന്ന രംഗമാണ്‌ ശിൽപ്പമായത്‌. ‘അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്ക്‌’  എന്ന നാടകരംഗം ചുമരിൽ കാണുമ്പോൾ,  ‘മറക്കുടയുടെ മറവിൽ നിന്ന്’ തേതിയെ മോചിപ്പിച്ച് മാധവൻ എത്തുന്ന രംഗം മനസ്സിൽ തെളിയും.  ഇറ്റ്‌ഫോക്കിലെ ജാപ്പനീസ്‌ നാടകത്തിലെ രംഗത്തിന്‌ ജപ്പാൻ പശ്ചാത്തലമാണ്‌ ഒരുക്കിയത്‌.    
തനത്‌ കലകളായ കഥകളി, ഓട്ടൻതുള്ളൽ, ചവിട്ടുനാടകം,  പടയണി, ചാക്യാർകൂത്ത്,   തുടികൊട്ട്,  സോപാനസംഗീതം,  ഇന്ദ്രജാലം,  കളമെഴുത്ത്‌,  നന്തുണി,  കൂടിയാട്ടം, ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം, നാടോടി നൃത്തം, മോഹിനിയാട്ടം, കളരിപ്പയറ്റ്‌, നങ്ങ്യാർകൂത്ത്‌, വള്ളംകളി, പുലികളി,  തെയ്യം എന്നിവ ഒരുങ്ങിക്കഴിഞ്ഞു. പെയിന്റിങ് കൂടി പൂർത്തിയാകുമ്പോൾ കല്ലിൽത്തീർത്ത ശിൽപ്പങ്ങൾക്ക്‌ സമാനമാവും.
രണ്ടാം പിണറായി സർക്കാരിന്റെ 100 ദിന കർമപരിപാടി ഉൾപ്പെടുത്തി 65 ലക്ഷത്തോളം രൂപ ചെലവിലാണ്‌  പൈതൃക മതിൽ ഒരുക്കുന്നതെന്ന്‌ സംഗീത നാടക അക്കാദമി സെക്രട്ടറിയായിരുന്ന പ്രഭാകരൻ പഴശ്ശി പറഞ്ഞു.  തകർന്നു കിടന്നിരുന്ന മതിൽ പുതുക്കിപ്പണിതപ്പോൾ പൈതൃകമതിൽ എന്ന ആശയമുദിക്കുകയായിരുന്നു. സിഡ്‌കോയാണ്‌ ടെൻഡർ എടുത്തത്‌.
ചിത്രകലയിൽ എൻഡിഎഫ്‌എ ബിരുദധാരിയും  എറണാകുളം സ്വദേശിയുമായ മനോജ്‌ ബ്രഹ്മമംഗലം,  എംഎഫ്‌എ ബിരുദധാരിയായ രഞ്‌ജിത്‌ ലാൽ, എംവിഎ ബിരുദധാരിയായ കോഴിക്കോട്‌ സ്വദേശി കെ ആർ ബാബു എന്നിവരുടെ നേതൃത്വത്തിലാണ്‌ ശിൽപ്പത്തിന്റെ പണികൾ നിർവഹിക്കുന്നത്‌. മൂന്നുപേരും നിരവധി ചിത്ര–-ശിൽപ്പ പ്രദർശനം നടത്തിയവരും ചിത്രകലാ അധ്യാപകരുമാണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top