17 April Wednesday

വീട്ടിലായാലും വിദ്യാർഥികളുടെ ‘കൂടെ’യുണ്ട്‌

സ്വന്തം ലേഖകൻUpdated: Tuesday Jan 25, 2022
തൃശൂർ
വിദ്യാർഥികൾ വീണ്ടും വീട്ടകങ്ങളിലേക്ക്‌ മടങ്ങുമ്പോൾ കൂടെയുണ്ട്‌ ‘കൂടെ’. പഠനവും വായനയും മെച്ചപ്പെടുത്താനുള്ള   സർഗാത്മക പ്രവർത്തനങ്ങളുമായി കുട്ടികളെ സജീവമാക്കാനായി ‘കൂടെ’ പദ്ധതിയുമായാണ്‌  വിദ്യാഭ്യാസ വകുപ്പ്‌ കൂടെയുള്ളത്‌.   ഇന്ത്യൻ റിപ്പബ്ലിക്‌ ദിനവും  ഗാന്ധി രക്തസാക്ഷിദിനവും കോർത്തിണക്കി വിജ്ഞാന ഉത്സവവും ഓൺലൈനിൽ ഒരുക്കുന്നു. 
അതിതീവ്ര കോവിഡ്‌ വ്യാപനത്തെത്തുടർന്ന്‌  ഒന്നുമതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ വീണ്ടും താൽക്കാലികമായി അടച്ചിരിക്കുകയാണ്‌. ഈ സമയങ്ങളിൽ പ്രതിസന്ധിയിലായ  വിദ്യാർഥികൾക്കും  രക്ഷിതാക്കൾക്കും ആത്മവിശ്വാസം പകരാനാണ്‌ പദ്ധതി. 
26ന്‌ കോവിഡ്‌ പ്രോട്ടോകോൾ പാലിച്ച്‌ റിപ്പബ്ലിക്‌ ദിനം ആഘോഷിക്കും. ഉച്ചക്കുശേഷം കുട്ടികളെ പങ്കെടുപ്പിച്ച്‌  ഓൺലൈനിൽ  നടക്കുന്ന ചടങ്ങിൽ  ഭരണഘടനയുടെ ആമുഖം അവതരിപ്പിക്കും.  ആമുഖത്തിന്റെ കോപ്പി വാട്സ്ആപ്പ് വഴി കുട്ടികള്‍ക്ക് ലഭ്യമാക്കും. കുട്ടികളും  വായിച്ച്‌   ചർച്ച സംഘടിപ്പിക്കും. സ്വാതന്ത്ര്യ സമരം, ഭരണഘടന, ഗാന്ധി സാഹിത്യം  എന്നിവയുമായി ബന്ധപ്പെട്ട തെരഞ്ഞെടുത്ത പുസ്‌തകങ്ങളുടെ പിഡിഎഫ്‌ കുട്ടികൾക്ക്‌ അയക്കും. ഇതുമായി ബന്ധപ്പെട്ട ഗൂഗിൾ ക്വിസ്‌ മത്സരം 30ന്‌ സംഘടിപ്പിക്കും. ഇതിനായി നൂറു ചോദ്യങ്ങൾ അയക്കും. 25–-30  ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ്‌ മത്സരം. 
ഗാന്ധി രക്തസാക്ഷിദിനംവരെയുള്ള ദിവസങ്ങളിൽ ഗാന്ധി സാഹിത്യം, സ്വാതന്ത്ര്യ സമരസേനാനികളുടെ ജീവചരിത്ര വായന, കുറിപ്പ്‌ തയ്യാറാക്കൽ, ചിത്രീകരണം,   പ്രച്ഛന്നവേഷാവതരണം, ക്വിസ്‌, ദേശഭക്തി ഗാന മത്സരം, ചിത്രരചന, കൊളാഷ്‌ തുടങ്ങിയ മത്സരം, ഡിജിറ്റൽ പെയിന്റിങ്, കവിത, ലേഖനം, ചിത്രംവര, നാടകരൂപം  എന്നിവ സംഘടിപ്പിക്കാനാണ്‌ നിർദേശം. 
 കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കാൻ പുസ്‌തകങ്ങൾ ലഭ്യമാക്കാനും സർഗശേഷി പ്രകടിപ്പിക്കുന്നതിന്‌ അവസരമൊരുക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിലുണ്ട്‌. ഇക്കാര്യങ്ങൾ കൂടുതൽ സർഗാത്മക രൂപമാക്കിയാണ്‌  ജില്ലയിൽ കൂടെ പദ്ധതിക്ക്‌ രൂപം നൽകിയതെന്ന്‌     വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനൻ പറഞ്ഞു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും  തമ്മിലുള്ള ദൈനംദിനബന്ധം ഉറപ്പിക്കുകയും അതുവഴി പഠനനിലവാരം ഉയർത്താനുമാണ്‌ ലക്ഷ്യം.    ജില്ലാതല ഉദ്യോഗസ്ഥരുടെയും പ്രധാന അധ്യാപകരുടെയും യോഗങ്ങളും  എസ്ആര്‍ജി, പിടിഎ യോഗങ്ങളും ചേർന്നു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top