18 December Thursday
കള്ളപ്രചാരകർക്ക്‌ മറുപടി

ചെങ്കുതിപ്പ്‌, ജനപ്രവാഹം

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

അഴീക്കോടൻ ദിനാചരണത്തിന്റെ ഭാഗമായി തൃശൂരിൽ നടന്ന പൊതുയോഗത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്‌ണൻ സംസാരിക്കുന്നു

തൃശൂർ
ധീര രക്തസാക്ഷി അഴീക്കോടൻ രാഘവന്റെ ചെഞ്ചോര തെറിച്ചുവീണ തൃശൂരിന്റെ മണ്ണിൽ വീരസ്‌മരണ പുതുക്കാൻ   മഹാജനപ്രവാഹം. പാർടി കരുത്തു വിളിച്ചോതി  ചുവപ്പുവളണ്ടിയർമാരുടെ കുതിപ്പിനാണ്‌ നഗരം സാക്ഷ്യം വഹിച്ചത്‌.  നിരവധി  ജനമുന്നേറ്റങ്ങൾക്ക്‌ സാക്ഷ്യം വഹിച്ച തേക്കിൻകാട്‌  മൈതാനിയിൽ ചെങ്കൊടി പ്രസ്ഥാനത്തിന്റെ മഹാകരുത്ത്‌ ഒരിക്കൽക്കൂടി അടയാളപ്പെടുത്തി. സിപിഐ എമ്മിനെതിരെയുള്ള കള്ളപ്രചാരണങ്ങളെ പ്രതിരോധിക്കുമെന്ന   മഹാപ്രഖ്യാപനമായി  മാറി.  പകൽ  മൂന്നുമുതൽ ചുവപ്പുസേന നഗരം കീഴടക്കാൻ തുടങ്ങി. റെഡ് വളണ്ടിയര്‍മാർക്കൊപ്പം   ബാൻഡ്‌ സംഘങ്ങളും മാര്‍ച്ച്   തുടങ്ങി.   
ശക്തന്‍ സ്റ്റാൻഡിൽനിന്നും കൊടുങ്ങല്ലൂർ, മാള, ചേര്‍പ്പ്, ചാലക്കുടി, ഒല്ലൂര്‍,  കൊടകര,   നാട്ടിക, തൃശൂര്‍, ഇരിങ്ങാലക്കുട ഏരിയകളിലെ വളണ്ടിയർമാർ നഗരത്തിലേക്ക്‌  ചുവടുവച്ചു. പാലസ് റോഡിൽനിന്നും  വടക്കാഞ്ചേരി, പുഴയ്‌ക്കല്‍, കുന്നംകുളം, ചേലക്കര, വള്ളത്തോള്‍ നഗര്‍,  മണ്ണുത്തി, മണലൂര്‍, ചാവക്കാട് ഏരിയകളിലെ വളണ്ടിയർമാർ  നഗരത്തിലേക്ക്‌  ചുവടുവച്ചു.  റെഡ്‌വളണ്ടിയർ മാർച്ച്‌ തൃശൂർ റൗണ്ടിൽ പ്രവേശിച്ചതോടെ നഗരം ചുവപ്പുസേനയ്‌ക്കു കീഴിലായി. തേക്കിൻകാട്‌  ചെങ്കടലായി. അതേസമയം തൃശൂർ ഏരിയയിൽ നിന്നുള്ള പ്രവർത്തകർ ഇ എം എസ്‌ സ്‌ക്വയറിൽനിന്നും പ്രകടനം ആരംഭിച്ചു. 
പോസ്‌റ്റോഫീസ് റോഡ് വഴി അഴീക്കോടൻ കുത്തേറ്റു വീണ കുറുപ്പം റോഡ് വഴി തൃശൂര്‍ റൗണ്ടില്‍ പ്രവേശിച്ച് മണികണ്ഠനാല്‍ ഗേറ്റിലൂടെ പൊതുസമ്മേളന നഗരിയിലേക്ക് പ്രവേശിക്കും മുമ്പേ മൈതാനം നിറഞ്ഞിരുന്നു.  മറ്റ്‌ ഏരിയകളിൽ നിന്നുള്ള പ്രവർത്തകർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളിലിറങ്ങി ചെറുപ്രകടനങ്ങളായി തേക്കിൻകാട്ടിലേക്ക്‌ പ്രവഹിച്ചു. തൃശൂർ റെഡ്‌ ക്യാപ് ഫോക്‌ ബാൻഡിന്റെ സംഗീതവിരുന്നുമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top