24 April Wednesday
എൻഎച്ച്‌ 66 വികസനം

96 ശതമാനം ഭൂമി ഏറ്റെടുത്തു, 4714 കോടി കൈമാറി

സ്വന്തം ലേഖകൻUpdated: Friday Jun 24, 2022

ദേശീയപാത വികസനത്തിന്റെ ഭാഗമായി തൃപ്രയാറിൽ ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയപ്പോൾ

തൃശൂർ
ദേശീയപാത  66  വികസനത്തിനായി ജില്ലയിലെ   ഭൂമി ഏറ്റെടുക്കൽ  96.02 ശതമാനം പൂർത്തിയായി. 197.26 ഹെക്ടർ ഭൂമി ഏറ്റെടുത്തു. ഇതിനായി 4714. 70 കോടി രൂപ നഷ്ടപരിഹാരം നൽകി. കടകളും മറ്റും നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിന്‌ 724 പേർക്ക്‌ 12.33 കോടി നൽകി. നഷ്ടപ്പെടുന്ന ഭൂമിക്കും കെട്ടിടങ്ങൾക്കും  മികച്ച  നഷ്ടപരിഹാരം കൈകളിലെത്തിയതോടെ ജനങ്ങളാകെ  പദ്ധതിയെ പിന്തുണച്ചു. റോഡ്‌ വികസനവും ആരംഭിച്ചു.  ഇനി നാലുശതമാനം ഭൂമി   (7.923 ഹെക്ടറാണ്‌) മാത്രമാണ്‌ ശേഷിക്കുന്നത്‌.  ഭൂമിയുടെ അവകാശികൾ മരണപ്പെട്ടതുൾപ്പെടെ രേഖകളുടെ അപര്യാപ്‌തതയാണ്‌ തടസ്സം.  ഈ ഭൂമി ഏറ്റെടുക്കാൻ കോടതി വഴി നിയമനടപടികളിലേക്ക്‌ കടക്കുകയാണ്‌.  
  ചാവക്കാട് താലൂക്കിലെ കടിക്കാടുമുതൽ കൊടുങ്ങല്ലൂർ താലൂക്കിലെ കോട്ടപ്പുറംവരെയുള്ള 20 വില്ലേജുകളിൽനിന്ന്‌ 65  കിലോമീറ്റർ ദൂരത്തിൽ ആറായിരത്തിലേറെപ്പേരുടെ   ഭൂമിയാണ് ഏറ്റെടുത്തത്. പാത 45 മീറ്ററിലാണ്‌ വികസിപ്പിക്കുന്നത്‌. ഒരുമനയൂർ, തളിക്കുളം, ചെന്ത്രാപ്പിന്നി, ലോകമലേശ്വരം, മേത്തല,  മണത്തല, വാടാനപ്പള്ളി, കയ്‌പമംഗലം, കൂളിമുട്ടം, ആല, പുന്നയൂർ, ഏങ്ങണ്ടിയൂർ, വലപ്പാട്‌, പെരിഞ്ഞനം, പനങ്ങാട്‌, കടിക്കാട്‌, എടക്കഴിയൂർ, കടപ്പുറം, നാട്ടിക, പാപ്പിനിവട്ടം എന്നീ വില്ലേജുകളിലെ ഭൂമിയാണ്‌ ഏറ്റെടുത്തത്‌.  ഈ  വില്ലേജുകളെ ഡെപ്യൂട്ടി കലക്ടറുടെ കീഴിലുള്ള നാല് യൂണിറ്റുകളാക്കി ഓരോ തഹസിൽദാർമാരുടെ കീഴിലാണ്  അതിവേഗം  ഭൂമിയേറ്റെടുക്കൽ നടപടി പൂർത്തിയാക്കിയത്‌. 
  2011 -–-16 കാലഘട്ടത്തിൽ എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തുമ്പോൾ  എങ്ങുമെത്താതെ മുടങ്ങിക്കിടന്നിരുന്ന   പദ്ധതിയാണ്‌  യാഥാർഥ്യമാവുന്നത്‌.  ഒന്നാം പിണറായി സർക്കാരിന്റെ    നിശ്ചയദാർഢ്യത്തിനുമുന്നിൽ തടസ്സങ്ങളെല്ലാം വഴിമാറി. സ്ഥലം വിട്ടുനൽകുന്നവർക്ക് അർഹമായ നഷ്‌ടപരിഹാരം നൽകാൻ, തുകയുടെ 25ശതമാനം  വഹിക്കാൻ സർക്കാർ തീരുമാനിച്ചു.  ഭൂമിയുടെ സ്വഭാവം, ഗ്രാമ, നഗര സവിശേഷതകൾ കണക്കിലെടുത്ത്‌ ഭൂമിക്ക്‌  മികച്ച നഷ്ടപരിഹാരം നിശ്ചയിച്ചു. പുനരധിവാസ പാക്കേജും നടപ്പാക്കി.  അർഹരായവർക്ക്‌  അതു ലഭിക്കുമെന്ന് ഉറപ്പാക്കി.  റോഡ്‌ വികസനം അട്ടിമറിക്കാൻ പലരും  തെറ്റിദ്ധാരണകൾ സൃഷ്‌ടിക്കാൻ   ശ്രമിച്ചെങ്കിലും  പരാജയപ്പെട്ടു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top