26 April Friday

ഹവാല ഇടപാട്‌: തട്ടിക്കൊണ്ടുപോകൽ കേസിൽ 2 പേർകൂടി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022
ചാലക്കുടി
ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയെ കൊരട്ടിയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേർകൂടി അറസ്റ്റിൽ. മുരിങ്ങൂർ സാൻജോ നഗർ സ്വദേശി നെല്ലിശ്ശേരി വീട്ടിൽ ലാൽ വർഗീസ്(24), മേലൂർ നടതുരുത്ത് നെല്ലിശ്ശേരി വീട്ടിൽ കൊമ്പ് ഫെബിൻ എന്ന ഫെബിൻ (25)എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച മൂക്കന്നൂർ സ്വദേശിയായ ആന്റണി ലൂവിസി(25)നെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 19ന് അറസ്റ്റിലായ മൂന്ന് പേരടക്കം ഇപ്പോൾ ഈ കേസിൽ ആറ് പേരാണ് പൊലീസ് പിടിയിലായത്. കൊരട്ടി കുലയിടം നെയ്യൻ റോജറിന്റെ വീട്ടിൽ നിന്നാണ് പൊന്നാനി സ്വദേശി  ഷെജിൻ മൻസിൽ ഷെജീബിനെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. മെയ് 14നായിരുന്നു സംഭവം. റോജറും ഷെജീബും നേരത്തേ അറസ്റ്റിലായ ഷിയോയും ഒമാനിൽ ഒരുമിച്ചാണ് ജോലിചെയ്തിരുന്നത്. ഇവിടെവച്ച് പല ഹവാല ഇടപാടുകളും നടന്നതായും പറയുന്നു. ഇത് സംബന്ധിച്ച തർക്കമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. ഷെജീബിനെ പിന്നീട് പൊന്നാനിയിൽ നിന്നും അവശനിലയിൽ കണ്ടെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് കൊരട്ടി എസ്എച്ച്ഒ ബി കെ അരുൺ പറഞ്ഞു. എസ്ഐ മാരായ സി എസ് സൂരജ്, എബിൻ, എഎസ്ഐ ജെയ്സൻ, സജീവൻ, സീനിയർ സിപിഒമാരായ സജീഷ്, ജിബിൻ, സിപിഒമാരായ രജീഷ്, ഷഫീക്ക്, നിധീഷ് എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top