25 April Thursday

ഉണങ്ങിയ ഇലകളിൽ വിരിയും ചിത്രങ്ങൾ

കെ വി ഹരീന്ദ്രൻUpdated: Wednesday Feb 24, 2021
 
കൊടകര
ഇലകളില്‍ ചിത്രങ്ങള്‍  കൊത്തി‌  ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ആളൂര്‍ പട്ടേരി ലോറന്‍സിന്റെ മകള്‍ സിന്റ.  ലോക് ഡൗണ്‍ കാലത്താണ്  ഇലകളില്‍ ചിത്രങ്ങള്‍ മെനയാന്‍ തുടങ്ങിയത്.  സമൂഹമാധ്യമങ്ങളിൽനിന്നാണ്‌ ഈ കരവിരുത്‌ പരിശീലിച്ചത്. ആദ്യം ചെറിയ ചെറിയ രൂപങ്ങളാണ് ശ്രമിച്ചത്‌.  പിന്നീട് ആന, കുതിര, ഗരുഡന്‍  എന്നിങ്ങനെ. മമ്മൂട്ടി, മോഹന്‍ലാല്‍, ടോവിനോ, ജയസൂര്യ, ദുല്‍ഖര്‍സല്‍മാന്‍  എന്നിവരുടെ ചിത്രങ്ങളും ഒരുക്കി. ആല്‌, പ്ലാവ്, ഐനിപ്ലാവ്,  മാങ്കോസ്റ്റിന്‍ എന്നിവയുടെ ഇലകളാണ്  ഉപയോഗിക്കുന്നത്‌.  ഇല ശേഖരിച്ചാൽ  ഉണക്കി സൂക്ഷിക്കും.  നല്ല പോലെ ഉണങ്ങിയ ശേഷമാണ്‌ അതില്‍ ചിത്രംവര.  പിന്നീട് സര്‍ജിക്കല്‍ ബ്ലേഡ്, പെന്‍ ടൂള്‍ എന്നിവ ഉപയോഗിച്ച് കട്ട് ചെയ്‌തെടുക്കും. 
നിമിഷനേരംകൊണ്ട് ഇലകളില്‍ ചിത്രം കൊത്തിയെടുക്കും ഈ മിടുക്കി .  ജനുവരി 20ന്  ഓണ്‍ലൈനിൽ  നടന്ന മത്സരത്തില്‍ നാലു മണിക്കൂറിൽ ഇന്ത്യയിലെ ഇരുപത് ചരിത്രസ്മാരകങ്ങളുടെ പേരും സ്ഥിതി ചെയ്യുന്ന സ്ഥലവും ഇലകളില്‍ സൃഷ്ടിച്ചാണ്  റെക്കോര്‍ഡ് ബുക്കിൽ ഇടം നേടിയത്‌. ഇപ്പോൾ  ലീഫ് ആര്‍ട്ട് അസോസിയേഷൻ  അംഗമാണ്‌.  ഗുജറാത്ത്, തമിഴ്‌നാട്, മുംബൈ തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് നിരവധി  പേരാണ്‌  തങ്ങളുടെ ചിത്രങ്ങള്‍ ഇലകളില്‍ കാര്‍വ് ചെയ്തു കിട്ടാന്‍ സമീപിക്കുന്നത്. 
തന്റെ വീടിന്റെ ചുമരുകളില്‍ അക്രിലിക് പെയിന്റ് ഉപയോഗിച്ചും ചിത്രങ്ങൾ വരച്ചിട്ടുണ്ട്.  മാള ജീസസ് അക്കാദമി ഒന്നാം വര്‍ഷ ബി എഡ് വിദ്യാര്‍ഥിനിയാണ്‌ സിന്റ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top