19 April Friday
ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിക്കെതിരെ തെറ്റായ പ്രചാരണം

മരിച്ച രോഗിയുടെ വിവരം കൈമാറിയത്‌ 
ഒരുമാസം കഴിഞ്ഞെന്നത്‌ വസ്‌തുതാ വിരുദ്ധം

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022
തൃശൂർ
മുളങ്കുന്നത്തുകാവ്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ച ആളുടെ വിവരം ഒരുമാസം കഴിഞ്ഞാണ്‌ ബന്ധുക്കളെ അറിയിച്ചതെന്ന വാർത്ത വസ്‌തുതാ വിരുദ്ധമാണെന്ന്‌ മെഡിക്കൽ കോളേജ്‌ അധികാരികൾ. ഇതുസംബന്ധിച്ച്‌ തെറ്റായ വാർത്ത ചില ചാനലുകളിൽ പ്രചരിച്ചതോടെയാണ്‌ മെഡിക്കൽ കോളേജ്‌ അധികാരികൾ വസ്‌തുതകൾ വ്യക്തമാക്കിയത്‌. വിവിധ അസുഖങ്ങളെ തുടർന്ന്‌ രത്നയെന്ന 55വയസ്സുള്ള രോഗിയെ ആദ്യം പാലക്കാട്‌ കോട്ടത്തറ ആശുപത്രിയിലാണ്‌ പ്രവേശിപ്പിച്ചത്‌. ഡിസംബർ 16ന്‌ പാലക്കാട്‌ ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റി. തലച്ചോറിൽ രക്തശ്രാവവും ന്യുമോണിയയുമായി ഗുരുതരാവസ്ഥയിലായ രത്നയെ വെന്റിലേറ്ററിന്റെ സഹായത്തോടെ ഡിസംബർ 22ന്‌ ആംബുലൻസിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. കൂടെ ബന്ധുക്കൾ ആരുംതന്നെ ഇല്ലാതിരുന്നിട്ടും, മെഡിക്കൽ കോളേജ്‌ അധികാരികൾ ഐസിയുവിൽ പ്രവേശിപ്പിച്ച്‌ ചികിത്സ നൽകി. 
ഇത്രയും ദിവസം ചികിത്സയിൽ കഴിഞ്ഞിട്ടും ബന്ധുക്കൾ ആരുംതന്നെ എത്തിയില്ല. ഈ വിവരം അന്നുതന്നെ മെഡിക്കൽ കോളേജ്‌ പൊലീസിനെ അറിയിക്കുകയും ചെയ്‌തു. മരിച്ച വ്യക്തിയുടെ ബന്ധുക്കളെ തേടി 28ന്‌ പത്രങ്ങളിൽ പടം സഹിതം വാർത്തയും നൽകി. ജനുവരി നാലിന്‌ പാലക്കാട്‌ സൗത്ത്‌ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ വിവരം കൈമാറുകയും ചെയ്‌തു. എന്നിട്ടും, മൃതദേഹം ഏറ്റുവാങ്ങാൻ ആരും എത്താത്തതിനെ തുടർന്ന്‌ മൃതദേഹം മറവുചെയ്യാനുള്ള നടപടിക്കായി എൻഒസി ആവശ്യപ്പെട്ട്‌ മെഡിക്കൽ കോളേജ്‌ പൊലീസിന്‌ കത്തും നൽകിയിരുന്നു. യാഥാർഥ്യം ഇതായിരിക്കേയാണ്‌ ചില മാധ്യമങ്ങൾ, മരിച്ചയാളുടെ വിവരം ബന്ധുക്കളെ അറിയിച്ചത്‌ ഒരു മാസം കഴിഞ്ഞശേഷമെന്ന നിലയിൽ തെറ്റായ വാർത്ത നൽകിയതെന്ന്‌ മെഡിക്കൽ കോളേജ്‌ അധികാരികൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top