25 April Thursday
ഒരുക്കങ്ങൾ പൂർത്തിയായി

ജില്ലാ സ്കൂൾ കലോത്സവത്തിന്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022
ഇരിങ്ങാലക്കുട 
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. സ്റ്റേജിതര മത്സരങ്ങൾ  ബുധനാഴ്‌ച ഇരിങ്ങാലക്കുട  ഗവ.ഗേൾസ് എച്ച്എസ്എസിൽ നടക്കും. 24ന് രാവിലെ 9.30 ന് ടൗൺഹാളിൽ  റവന്യൂ  മന്ത്രി കെ രാജൻ കലോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി വർക്കിങ് ചെയർപേഴ്സൺ  സോണിയ ഗിരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മന്ത്രി  ആർ ബിന്ദു അധ്യക്ഷയാവും. അധ്യാപകരും വിദ്യാർഥികളും ചേർന്നൊരുക്കുന്ന സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും കൊരമ്പ് മൃദംഗ കളരിയിലെ കുട്ടികളുടെ മൃദംഗമേളയും ഉണ്ടാകും.  12 ഉപ ജില്ലകളിലെ 7299 വിദ്യാർഥികളാണ് 304 ഇനങ്ങളിൽ മാറ്റുരയ്ക്കാനെത്തുന്നത്. ബുധൻ രാവിലെ 10.30 ന് സ്വർണക്കപ്പ് വഹിച്ചുളള ഘോഷയാത്ര തൃശൂരിൽനിന്ന്‌ തുടങ്ങും. വിവിധ സ്കൂളുകളിൽനിന്നും സ്വീകരണങ്ങൾ ഏറ്റു വാങ്ങി ഇരിങ്ങാലക്കുടയിലെത്തും. പകൽ മൂന്നിന് സെന്റ് മേരീസ് സ്കൂൾ പരിസരത്തുനിന്നും തുടങ്ങുന്ന കലോത്സവ വിളംബര ഘോഷയാത്ര പ്രധാന വേദിയായ ടൗൺഹാളിൽ സമാപിക്കും. 16 വേദികളിലാണ്‌ കലോത്സവ മത്സരങ്ങൾ നടക്കുക. ടൗൺഹാളാണ് പ്രധാന വേദി, ഡോൺ ബോസ്കോ എച്ച്എസ്എസ്, ഗവ.ഗേൾസ് എച്ച്എസ്എസ് , ഗവ.ബോയ്സ് എച്ച്എസ്എസ്, ലയൺസ് ഹാൾ, പാരിഷ് ഹാൾ, എൽഎഫ്സി ഹൈസ്കൂൾ, ഉണ്ണായി വാര്യർ സ്മാരക കലാനിലയം, സെന്റ് മേരീസ് എച്ച്എസ്എസ്, വ്യാപാര ഭവൻ, നാഷണൽ എച്ച്എസ്എസ് എന്നിവയാണ് മറ്റു വേദികൾ. ഗായത്രി ഹാളിലാണ് ഭക്ഷണശാല. ഗവ.ഗേൾസ് എച്ച് എസ്എസിലാണ് സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുന്നത്.  26ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് അധ്യക്ഷനാവും. വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മദന മോഹനൻ, ഡിഇഒ എസ് ഷാജി, സന്തോഷ് ബോബൻ, കെ കെ ഗിരീഷ്‌കുമാർ, എ സി സുരേഷ്, ജസ്റ്റിൻ തോമസ്, പ്രോഗ്രാം കൺവീനർ ബി സജീവ്, ഇന്ദുകല എന്നിവരും  വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top