26 April Friday

ഒരുങ്ങുന്നു, ലഹരിയില്ലാ തെരുവുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022
തൃശൂർ
മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ലഹരിമുക്ത കേരളം' പ്രചാരണ പരിപാടിയുടെ ഭാഗമായി  ലഹരിമുക്ത ഇടങ്ങളും തെരുവുകളും ഒരുങ്ങുന്നു.  പരമാവധി കേന്ദ്രങ്ങൾ ലഹരിമുക്ത ഇടങ്ങളായി പ്രഖ്യാപിക്കുന്ന പ്രവർത്തനങ്ങൾക്ക്  28 മുതൽ ജില്ലയിൽ തുടക്കമാകും. ലഹരിവിരുദ്ധ തീവ്രയജ്ഞ പരിപാടികൾ ഊർജിതമാക്കാൻ അവലോകനയോഗം ചേർന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പരമാവധി കേന്ദ്രങ്ങളിൽ ‘ഇവിടം ലഹരിമുക്ത ഇടം' എന്ന ബോർഡുകൾ സ്ഥാപിക്കും. ഇവിടങ്ങളിൽ മയക്കുമരുന്ന് വസ്തുക്കളുടെ ഉപയോഗം, വിൽപ്പന, പ്രദർശനം എന്നിവ ഇല്ലെന്ന് വാർഡ്തല, സ്‌കൂൾതല ജനജാഗ്രതാ സമിതികൾ ഉറപ്പുവരുത്തും.  
 എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ലഹരിക്കെതിരെ തെരുവിൽ കലാകായിക പരിപാടികൾ സംഘടിപ്പിച്ച് ‘ലഹരിയില്ലാ തെരുവ് പ്രഖ്യാപനവും' നടത്തും.  സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ    ലഹരിവിരുദ്ധ കലാജാഥകൾ അരങ്ങേറും. അതിഥിത്തൊ ഴിലാളികൾ കൂടുതലായി തിങ്ങിപ്പാർക്കുന്ന മേഖലകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ സംയുക്ത പരിശോധനകൾ നടത്തും. റസിഡന്റ്‌സ് അസോസിയേഷനുകളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ ‘സമ്പൂർണ ലഹരിവിമുക്ത കുടുംബം' എന്ന പരിപാടി നടപ്പാക്കും. പുതുവർഷ ദിനത്തിൽ കുടുംബങ്ങളിൽ പ്രതിജ്ഞയെടുക്കും. ഫുട്‌ബോളിലൂടെ മയക്കുമരുന്നിനെതിരെയുള്ള സന്ദേശം ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനുള്ള ഗോൾ ചലഞ്ച്, പെനാൽട്ടി ഷൂട്ടൗട്ട് മത്സരങ്ങൾ എന്നീ പരിപാടികൾക്ക് കായിക വകുപ്പ് നേതൃത്വം നൽകുന്നുണ്ട്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ.   കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എൻ കെ അക്ബർ എംഎൽഎ, അസിസ്റ്റന്റ് കലക്ടർ വി എം ജയകൃഷ്ണൻ, അസിസ്റ്റന്റ് എക്‌സൈസ് കമീഷണർ കെ എസ്‌ സുരേഷ് , എസിപി  കെ സി സേതു, എസ്‌ഐ   സി ഒ ജോഷി, ഡിഐസി സീനിയർ സൂപ്രണ്ട്  എസ്‌ ബീന, വിമുക്തി മിഷൻ കോ-–-ഓർഡിനേറ്റർ  കെ വൈ ഷഫീഖ്‌, ജില്ലാ ലേബർ ഓഫീസർ  എം എം ജോവിൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ  യു മോനിഷ,   പ്രൊഫ. കെ എൻ കണ്ണൻ   എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top