തൃശൂർ
ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ ബഹുരാഷ്‌ട്ര കുത്തകവൽക്കരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ഷോപ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) 30ന് നടത്തുന്ന രാജ്‌ഭവൻ മാർച്ചിന്റെ പ്രചാരണാർഥമുള്ള സംസ്ഥാന വാഹന ജാഥയ്‌ക്ക് തൃശൂരിൽ ഉജ്വല സ്വീകരണം.
തൊഴിലാളിദ്രോഹ ലേബർ കോഡുകൾ പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ വർഗീയവൽക്കരണം അവസാനിപ്പിക്കുക, ഷോപ് മേഖലയിൽ ഇഎസ്‌ഐ, പിഎഫ് എന്നിവ നടപ്പാക്കുക, വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തൊഴിൽ നഷ്‌ടപ്പെടുന്ന ഷോപ് തൊഴിലാളികളെ സംരക്ഷിക്കുക, ഷോപ് തൊഴിലാളികളുടെ മിനിമംവേതനം പരിഷ്‌കരിക്കുക, ഇരിപ്പിടാവകാശവും ക്ഷേമനിധിയും കർശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചാണ് രാജ്‌ഭവൻ മാർച്ച്. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സജി ക്യാപ്‌റ്റനും അഡ്വ. എസ് കൃഷ്‌ണമൂർത്തി മാനേജരുമായ ജാഥയ്‌ക്ക് ജില്ലയിൽ തൃശൂർ, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ജാഥയെ നൂറുകണക്കിന് വ്യാപാര–- വാണിജ്യ തൊഴിലാളികളും ബഹുജനങ്ങളും ചേർന്ന് വരവേറ്റു. ടി വി രാജേഷ്, കെ പി അനിൽകുമാർ, എം ഹംസ, പി ബി ഹർഷകുമാർ, കവിത സാജൻ, അഡ്വ. മേഴ്‌സി ജോർജ്, എ ജെ സുക്കർണോ, കെ രവീന്ദ്രൻ എന്നിവർ ജാഥാ സ്ഥിരാംഗങ്ങളാണ്.
തൃശൂരിൽ നടന്ന സ്വീകരണ യോഗത്തിൽ എം കെ മോഹനൻ അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് ജാഥാ ക്യാപ്‌റ്റനെ സ്വീകരിച്ചു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി കെ ഷാജൻ, ജില്ലാ സെക്രട്ടറി സി സുമേഷ്, യു ജി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. വടക്കാഞ്ചേരിയിൽ നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷനായി. എം ജെ ബിനോയി, എസ് ബസന്ത്‌ലാൽ എന്നിവർ സംസാരിച്ചു. കൊടുങ്ങല്ലൂരിൽ എ എസ് സിദ്ധാർഥൻ അധ്യക്ഷനായി. എം എ അനിൽകുമാർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..