തൃശൂർ
അഴീക്കോടൻ രാഘവൻ 51–-ാം രക്തസാക്ഷിത്വ വാർഷികദിനം ശനിയാഴ്‌ച ആചരിക്കും. രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം ജില്ലാകമ്മിറ്റി നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ പകൽ 2.30ന് റെഡ് വളണ്ടിയർമാർച്ചും വൈകിട്ട് നാലിന് ബഹുജനറാലിയും അഞ്ചിന് തേക്കിൻകാട് മൈതാനിയിൽ പൊതുസമ്മേളനവും സംഘടിപ്പിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ റെഡ് വളണ്ടിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
രാവിലെ ബ്രാഞ്ചുകളിൽ പ്രഭാതഭേരിയോടെ പതാക ഉയർത്തും. രാവിലെ എട്ടിന് അഴീക്കോടൻ സ്മാരക മന്ദിരത്തിൽ പാർടി പതാക ഉയർത്തും. തുടർന്ന് പ്രകടനമായി അഴീക്കോടൻ കുത്തേറ്റു വീണ ചെട്ടിയങ്ങാടിയിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ച് പുഷ്പാർച്ചന നടത്തും. അനുസ്മരണയോഗവും ചേരും.
പകൽ 2.30ന് 17 ഏരിയ കമ്മിറ്റികൾ അണിനിരക്കുന്ന റെഡ് വളണ്ടിയർ മാർച്ച് തൃശൂർ ശക്തൻ സ്റ്റാൻഡ്, പാലസ് ഗ്രൗണ്ട് എന്നിവിടങ്ങളിൽനിന്നും ആരംഭിക്കും. വളണ്ടിയർമാരും ബാൻഡ് സംഘങ്ങളും റൗണ്ടിൽ പ്രവേശിച്ച് തെക്കേ ഗോപുരനട വഴി മൈതാനത്ത് പ്രവേശിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..