തൃശൂർ
പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് തൃശൂർ മൃഗശാലയിൽനിന്നുള്ള പക്ഷിമൃഗാദികളെ ഒക്ടോബർ രണ്ടു മുതൽ മാറ്റും. 48 ഇനം പക്ഷിമൃഗാദികളെയാണ് ആദ്യഘട്ടം മാറ്റുക. ഇതിനായി കേന്ദ്ര മൃഗശാലാ അതോറിറ്റി മെമ്പർ സെക്രട്ടറി സഞ്ജയ് കുമാർ ശുക്ല അനുമതി നൽകി. മയിലാണ് ആദ്യം പുത്തൂരിലെത്തുക.
ഗാന്ധിജയന്തി ദിനത്തിൽ തുടക്കം കുറിക്കും. മൊത്തം 439 ജീവികളെത്തും.
ചാരത്തത്ത, വൻതത്ത, ചെറിയ നീർക്കാക്ക, പാതിരാക്കൊക്ക്, ശ്രീകൃഷ്ണപ്പരുന്ത്, ചക്കിപ്പരുന്ത്, മീൻകൂമൻ, വെള്ളിമൂങ്ങ, വെൺകൊതുമ്പന്നം, ചായമുണ്ടി, വെൺമ്പകം,
ചെറുമുണ്ടി, നീലക്കോഴി, മോതിരത്തത്ത, സിൽവർ ഫെസന്റ്, ആംഹർസ്റ്റീയ ഫെസന്റ്, ഗോൾഡൻ ഫെസന്റ്, കന്യാസ്ത്രീക്കൊക്ക്, ചൂളൻഎരണ്ട, ചുക്കർപാട്രിഡ്‌ജ്, ഒട്ടകപ്പക്ഷി,
റിയ എന്നീ പക്ഷി ഇനങ്ങൾ പുത്തൂരിലെത്തും. ഉടുമ്പ്, കാരാമ, ചെഞ്ചെവിയൻ ആമ, വെള്ളാമ്മ, മീൻ മുതല എന്നിവയും പാമ്പിനങ്ങളായ നീർക്കോലി, വെളളിക്കെട്ടൻ, ചേര, ഇരുതലമൂരി, മണ്ണൂലി, മൂർഖൻ, പച്ചിലപ്പാമ്പ് എന്നിവയും
മ്ലാവ്, പുള്ളിമാൻ, നാടൻകുരങ്ങ്, മുള്ളൻപന്നി, കുറുക്കൻ, മരപ്പട്ടി, സിംഹം, പുള്ളിപ്പുലി, ഹിപ്പോ പൊട്ടാമസ്, പന്നിമാൻ, കടുവ, കൃഷ്‌ണമൃഗം എന്നിവയേയും എത്തിക്കും.
തിരുവനന്തപുരത്തുനിന്ന് കാട്ടുപോത്തും ഹിമാചൽപ്രദേശിൽനിന്നുള്ള കരടികളേയും മൃഗശാലയിലേക്ക് കൊണ്ടുവരും. വിദേശരാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമായി മൃഗങ്ങളെ എത്തിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചു വരികയാണെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.
കൂട്ടിലിട്ട മൃഗങ്ങളുടെ കാഴ്ചയല്ല, കാടിന്റെ ശൗര്യമാണ് പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഒരുങ്ങുന്നത്. അടച്ചിട്ട കൂടുകളിൽ മൃഗങ്ങളെ കണ്ടു മടങ്ങുന്നതിനുപകരം വിശാലമായ ആവാസ വ്യവസ്ഥയിലുള്ള ജീവിതങ്ങൾ കണ്ടറിയാമെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..