തൃശൂർ
ബിജെപി നേതാക്കൾ ഉൾപ്പെടെ പ്രതികളായ കൊടുങ്ങല്ലൂരിലെ കള്ളനോട്ട് കേസിൽ ഇഡി ഉൾപ്പെടെ കേന്ദ്ര ഏജൻസികൾക്ക് അന്വേഷണമില്ല. 2021 ജൂലൈയിൽ 1,78,500 രൂപയുടെ കള്ളനോട്ട് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളുടെ വീട്ടിൽനിന്ന് നേരത്തേ കള്ളനോട്ട് യന്ത്രങ്ങളും പൊലീസ് പിടികൂടിയിരുന്നു. കേസിൽ ഇതുവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണമുണ്ടായില്ല.
കള്ളനോട്ട് ശൃംഖലയിൽ ബിജെപി പ്രവർത്തകരായ ഡ്യൂപ്ലിക്കറ്റ് ബ്രദേഴ്സ് എന്നറിയപ്പെടുന്ന ശ്രീനാരായണപുരം പനങ്ങാട് സ്വദേശികളായ എരാശേരി വീട്ടിൽ രാകേഷ് (37), രാജീവ് (35), മേത്തല സ്വദേശി വടശേരി കോളനിയിൽ കോന്നംപറമ്പിൽ ജിത്തു എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിൽ ബംഗളൂരുവിൽനിന്ന് അറസ്‌റ്റ് ചെയ്‌തത്. രാജീവ് യുവമോർച്ച കയ്‌പമംഗലം മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു, രാകേഷ് ബിജെപി ബൂത്ത് പ്രസിഡന്റുമായിരുന്നു.
രാകേഷും രഞ്ജിത്തും ബിജെപിയുടെ ഉന്നത നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തായിരുന്നു. പ്രതികൾക്കു പുറമെ ജില്ലയിലെ ബിജെപിയുടെ ചില നേതാക്കളും പ്രവർത്തകരും കോടീശ്വരൻമാരായിട്ടുണ്ട്. ഇവരുടെ സാമ്പത്തിക ഉറവിടം അന്വേഷിക്കാൻ പോലും ഇ ഡി തയ്യാറായില്ല.
കോടികളുടെ കള്ളനോട്ടാണ് ആധുനിക ഉപകരണങ്ങളുപയോഗിച്ച് അച്ചടിച്ച് വിതരണം ചെയ്യുന്നത്. ബിജെപി നേതാക്കളുടെ അറിവോടെ നടന്ന കൊടകര കുഴൽപ്പണക്കേസിലും പണത്തിന്റെ ഉറവിടം ബംഗളൂരുവായിരുന്നു.
2017-ൽ രാകേഷിന്റെയും രാജേഷിന്റെയും വീട്ടിൽനിന്ന് കള്ളനോട്ടുകളും നോട്ടടിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും സഹിതം പൊലീസ് പിടികൂടിയിരുന്നു. 2019ൽ കാഞ്ഞാണിയിൽ വച്ച് 52 ലക്ഷത്തിന്റെ കള്ളനോട്ടുമായി രാകേഷിനെ പൊലീസ് പിടികൂടിയിരുന്നു. ഒരു ലക്ഷം രൂപയുടെ യഥാർഥ കറൻസി നൽകിയാൽ മൂന്നര ലക്ഷം രൂപയുടെ കള്ളനോട്ടാണ് മാഫിയാ സംഘം നൽകിയിരുന്നതെന്നാണ് പൊലീസിനു ലഭിച്ച വിവരം. തീരദേശം കേന്ദ്രീകരിച്ചാണ് കൂടുതൽ കള്ളപ്പണം വിതരണം ചെയ്തിട്ടുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..